എം സി റോഡിൽ കിളിമാനൂർ പാപ്പാലയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ അരുൺ, ഷജിം എന്നീ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
അപകടവുമായി ബന്ധപ്പെട്ട നിയമനടപടികളിലും അന്വേഷണത്തിലും ഇവർക്ക് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.അതേസമയം, കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 4-നാണ് പെയിന്റിംഗ് തൊഴിലാളിയായ കുന്നുമ്മേൽ സ്വദേശി രഞ്ജിത്തും (41) ഭാര്യ അംബികയും (36) സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പിടിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അംബിക ചികിത്സയിലിരിക്കെ ജനുവരി 7ന് മരിച്ചു. 20ന് വൈകിട്ടോടെ രഞ്ജിത്തും മരണത്തിന് കീഴടങ്ങി.ഇവരുടെ മരണത്തോടെ ആറും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണ് അനാഥരായത്.
അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച ജീപ്പ് ഡ്രൈവര്‍ അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വാഹന ഉടമ വളളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.