ചിരിച്ച് തീരുമ്പോഴും ചിന്തിച്ചു തീരാത്ത കവിതകൾ: സലിൻ മാങ്കുഴി
ചിരിച്ചുതീരുമ്പോഴും ചിന്തിച്ചു തീരാത്ത കവിതകളുടെ അപൂർവ്വ സമാഹാരമാണ് "റിഥം ഓഫ് ലൗവ് ആൻ്റ് ലൈഫ്" എന്ന് കഥാകൃത്തും നോവലിസ്റ്റുമായ സലിൻ മാങ്കുഴി അഭിപ്രായപ്പെട്ടു. കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകമേളയിൽ പുസ്തക ചർച്ചയും ഈപ്പൻ ചാക്കോ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, അദ്ദേഹം.
മഹാകാവ്യവും ഖണ്ഡകാവ്യങ്ങളുമുൾപ്പെടെ പത്തിലേറെ ഗ്രന്ഥങ്ങൾ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഈപ്പൻ ചാക്കോയുടെ Rhythm of Love and Life ഡോ.ജേക്കബ് സാംസൻ്റെ തെരഞ്ഞെടുത്ത മലയാള കവിതകളുടെ വിവർത്തനമാണ്. ഈ കവിതകളുടെ അടിസ്ഥാന താളം നർമ്മത്തിലൂന്നിയ സാമൂഹിക വിമർശനമാണെന്ന് ഉദാഹരണങ്ങളിലൂടെ സലിൻ മാങ്കുഴി ചൂണ്ടിക്കാട്ടി. "സത്യം എപ്പോൾ പറയണമെന്ന് കള്ളന് അറിയാം എപ്പോൾ കള്ളനത് പറയുമെന്ന് പെരുങ്കള്ളനുമറിയാം ആരും പറയാതെ തന്നെ സത്യം ജനങ്ങൾക്കറിയാം..." എന്ന് തുടങ്ങു ന്ന കവിത സദസ് കരഘോഷത്തോടെ സ്വീകരിച്ചു.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ച ഡോ.ഗിഫ്റ്റി എൽസാ വർഗീസ് വേറിട്ട ചിന്തകളാണ് സാംസൺ കവിതകളുടെ സവിശേ ഷതയെന്ന് അഭിപ്രായപ്പെട്ടു. വെളിച്ചം അനുകൂലമാകുമ്പോൾ പിന്നാലെ നടന്ന നിഴലും മുന്നിൽ കയറി നടക്കുമെന്ന നിരീക്ഷണം രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുന്ന ജനനേതാക്കൾ കണ്ടും അനുഭവിച്ചുമറിഞ്ഞ സത്യമാണ്.
ഭാര്യ എന്ന കവിതയിൽ പലരിൽ നിന്നുള്ള ശല്യത്തെക്കാൾ ഭേദമാണ് ഒരാളിൽ നിന്നുള്ള ഉപദ്രവം എന്ന് അറിയാവുന്നതുകൊണ്ടാണ് ഭാര്യമാർ, തൽസ്ഥാനത്തു തുടരുന്നത് എന്ന കവിയുടെ അഭിപ്രായത്തെ ശരിവച്ചു കൊണ്ട് സദസിൽ നിന്ന് ചിരിയുമുയർന്നു. കിൻഫ്രാ ചെയർമാൻ ബേബി ഉഴത്തൂ വാൽ, ഡോ.വർഗീസ് പേരയിൽ, പയസ് കുര്യൻ, ഡോ.ജേക്കബ് സാംസൺ എന്നിവർ പ്രസംഗിച്ചു..