പേപ്പര്‍ ബാലറ്റിലേക്ക് ഇനി മടങ്ങാൻ കഴിയില്ല വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

പേപ്പര്‍ ബാലറ്റിലേക്ക് ഇനി മടങ്ങാൻ കഴിയില്ല  വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളും ഇക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) വോട്ടുകളും പൂർണമായും പരിശോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി.

ഇവിഎമ്മിന് പകരം പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന ആവശ്യവും കോടതി നിരസിച്ചു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവർ നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി.

ജഡ്‌ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് രണ്ട് വ്യത്യസ്‌ത വിധികളാണ് പറഞ്ഞത്. ഹർജികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിധി പ്രസ്‌താവിച്ചത്.

'വിവിപാറ്റ് സ്ലിപ്പുകള്‍ പൂർണമായും എണ്ണുന്നത് പ്രായോഗികമായ കാര്യമല്ല. എന്നാല്‍, സ്ലിപ്പ് ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്‌ത് സൂക്ഷിക്കാം. ഒരു സംവിധാനത്തെ മുഴുവൻ അന്ധമായി സംശയത്തിന്റെ നിഴലില്‍ നിർത്താനാകില്ല. ജനാധിപത്യമെന്നത് എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹർജികളില്‍ തീരുമാനമെടുത്തത്.' - ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.