45-ാം വയസിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാനായി വീനസ് വില്യംസ്

Jan 3, 2026 - 17:25
 0  6
45-ാം വയസിൽ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാനായി വീനസ് വില്യംസ്

മെൽബൺ: നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കൻ വനിതാ താരം വീനസ് വില്യംസ് തന്റെ 45-ാം വയസിൽ വീണ്ടും ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാനിറങ്ങുന്നു. ഈ മാസം 12ന് തുടങ്ങുന്ന ഓസ്‌ട്രേലിയൻ ഓപ്പണിലേക്ക് സംഘാടകർ വൈൽഡ് കാർഡ് നൽകിയാണ് മുൻ ലോക ഒന്നാം നമ്പർ താരമായ വീനസിനെ ക്ഷണിച്ചിരിക്കുന്നത്.

 ഇവിടെ കളിക്കാൻ ഇറങ്ങുന്നതോടെ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏറ്റവും പ്രായമേറിയ വനിതാ താരമെന്ന റെക്കോർഡും വീനസിനെ തേടിയെത്തും. 2015ൽ തന്റെ 44-ാം വയസിൽ ഇവിടെ കളിക്കാനിറങ്ങിയ ജാപ്പനീസ് താരം കിമിക്കോ ഡേറ്റിന്റെ റെക്കോർഡാകും വീനസ് മറികടക്കുക. കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലും വീനസിന് വൈൽഡ് കാർഡ് ലഭിച്ചിരുന്നെങ്കിലും ആദ്യറൗണ്ടിൽ തന്നെ കരോളിൻ മുച്ചോവയോട് തോറ്റുപുറത്തായിരുന്നു.

കഴിഞ്ഞമാസമാണ് വീനസും ഇറ്റാലിയൻ മോഡലും നടനുമായ ആന്ദ്രിയ പ്രെറ്റിയുമായുള്ള വിവാഹം കഴിഞ്ഞത്. 1998ലാണ് വീനസ് വില്യംസ് ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കാനിറങ്ങിയത്. രണ്ടാം റൗണ്ടിൽ സഹോദരി സെറീന വില്യംസിനെ തോൽപ്പിച്ചെങ്കിലും ക്വാർട്ടറിൽ ലിൻഡ്‌സേ ഡെവൺപോർട്ടിനോട് തോറ്റുപുറത്തായി.

2003ലും 2017ലും ഇവിടെ ഫൈനലിലെത്തിയെങ്കിലും സെറീനയോട് തോറ്റ് റണ്ണർ അപ്പാകേണ്ടിവന്നു. 75 മത്സരങ്ങൾ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചതിൽ 54 വിജയങ്ങൾ. 21 തോൽവികൾ. 21 തവണ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ച വീനസ് 2021ലാണ് ഇവിടെ അവസാനമായി കളിക്കാനിറങ്ങിയത്. അന്ന് രണ്ടാം റൗണ്ടിൽ പുറത്തായി. 7 ഗ്രാൻസ്‌ളാം സിംഗിൾസ് കിരീടങ്ങൾക്ക് ഉടമയാണ് വീനസ്. അഞ്ചു വിംബിൾഡൺ കിരീടങ്ങളും രണ്ട് യു.എസ് ഓപ്പണും.