ഇറാനിലെ ജനകീയ പ്രക്ഷോഭവും അമേരിക്കൻ ഇടപെടലും

Jan 14, 2026 - 20:20
 0  4
ഇറാനിലെ ജനകീയ പ്രക്ഷോഭവും അമേരിക്കൻ ഇടപെടലും

റാൻ എന്ന പുരാതന രാഷ്ട്രം ഇന്ന് രക്തരൂഷിതമായ ഒരു വിപ്ലവത്തിലൂടെ കടന്നുപോകുകയാണ്. ദശാബ്ദങ്ങളായി തുടരുന്ന ഭരണകൂട അടിച്ചമർത്തലുകൾക്കും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ഇറാനിലെ തെരുവുകളിൽ ഉയരുന്ന പ്രതിഷേധാഗ്നി ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

എന്നാൽ, ഈ ആഭ്യന്തര സമരത്തിലേക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന നേരിട്ടുള്ള ഇടപെടലുകളും മുന്നറിയിപ്പുകളും ചർച്ചാവിഷയമാകുന്നു. ഇറാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു. “ഇറാനിയൻ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം,”  യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഇറാന്റെ സുരക്ഷാ സേന കടുത്ത നടപടികൾ സ്വീകരിക്കുന്നു. വെടിവെപ്പിലും മറ്റ് അക്രമങ്ങളിലും പെട്ട് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. 

വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ രാജ്യത്ത് ഉടനീളം ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്

ഇറാനിലെ പ്രവിശ്യകളിൽ  പടർന്നുപിടിച്ച പ്രക്ഷോഭം കേവലം ഒരു സാമ്പത്തിക സമരം മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് എന്ന് പറയേണ്ടിയിരിക്കുന്നു . ആയിരക്കണക്കിന് സാധാരണക്കാർ സുരക്ഷാസേനയുടെ വെടിയുണ്ടകൾക്ക് ഇരയാകുന്നു . ഇന്റർനെറ്റ് വിച്ഛേദിച്ച് ജനങ്ങളെ ഇരുട്ടിലാക്കിയും കൂട്ടക്കൊലകൾ നടത്തിയും വിപ്ലവത്തെ അടിച്ചമർത്താമെന്ന ഇറാൻ ഭരണകൂടത്തിന്റെ വ്യാമോഹം ഒരു ജനതയുടെ അതിജീവനശക്തിക്ക് മുന്നിൽ തകരുന്നതാണ് നാം കാണുന്നത്.

പ്രക്ഷോഭകർക്ക് "സഹായം ഉടൻ എത്തും" എന്ന ട്രംപിന്റെ പ്രഖ്യാപനം പ്രതിഷേധക്കാർക്ക് ആത്മവിശ്വാസം നൽക്കുന്നുണ്ട് . എന്നാൽ, മനുഷ്യാവകാശ സംരക്ഷണമെന്നതിലുപരി, മേഖലയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണോ ട്രമ്പിന്റേതെന്ന ചോദ്യവും  പ്രസക്തമാണ്.

പ്രതിഷേധങ്ങളെ അമേരിക്ക പ്രോത്സാഹിപ്പിക്കുകയാണെന്നും സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഇറാൻ ആരോപിച്ചു. യു.എസ്. പിന്തുണയുള്ള നടപടികൾ രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇതിനിടെ, ഇറാനെതിരായ ഉപരോധങ്ങൾ കൂടുതൽ കടുപ്പിക്കാനുള്ള സാധ്യതയും അമേരിക്ക സൂചന നൽകി.

ഇറാനാകട്ടെ  ജനകീയ സമരത്തെ രാജ്യദ്രോഹമായി മുദ്രകുത്തുന്നു. ഈ സാഹചര്യത്തിൽ അമേരിക്ക ഒരു സൈനിക ഇടപെടലിന് മുതിർന്നാൽ മധ്യേഷ്യയാകെ  യുദ്ധത്തിലേക്ക് എത്തിപ്പെടും . റഷ്യയും ചൈനയും ഉൾപ്പെടെയുള്ള ശക്തികൾ എങ്ങനെ പ്രതികരിക്കുമെന്നത് ലോകസമാധാനത്തെ ബാധിക്കുന്ന നിർണ്ണായക ഘടകമായിരിക്കും.

ഇറാനിലെ ജനത മാറ്റം ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. എന്നാൽ ആ മാറ്റം പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെയാണോ അതോ ആഭ്യന്തരമായ രാഷ്ട്രീയ പരിവർത്തനത്തിലൂടെയാണോ ഉണ്ടാകേണ്ടത് എന്നതാണ് ലോകം നേരിടുന്ന  ചോദ്യം.