സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം
“Breast Cancer Awareness: Beyond Healthy Habits, Towards Early Detection” എന്ന വിഷയത്തിൽ ഒക്ടോബർ 31 ശനിയാഴ്ച സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച സെമിനാറിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്ത് ആരോഗ്യപരവും മാനസികവുമായ വിവിധ വശങ്ങൾ ചർച്ച ചെയ്തു.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ജെന്നി ജോസഫ് (MBBS, DMRT) മുഖ്യപ്രഭാഷണം നടത്തി. സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, സ്വയംപരിശോധനയുടെയും കൃത്യമായ മെഡിക്കൽ സ്ക്രീനിങ്ങിന്റെയും പ്രസക്തി, ആധുനിക രോഗനിർണയ-ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം കൃത്യമായ പരിശോധനകളും രോഗനിർണയത്തിലെ കാലതാമസം ഒഴിവാക്കലും അത്യന്താപേക്ഷിതമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റി ഓഫ് നെവാഡ, ലാസ് വെഗാസിലെ റിട്ടയേർഡ് നഴ്സിംഗ് പ്രൊഫസറും ഇമോഷണൽ വെൽനസ് സ്പീക്കറുമായ ഡോ. ആലീസ് മാത്യു, PhD, സ്തനാർബുദത്തെ അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ മാനസികാരോഗ്യം, ആത്മവിശ്വാസം, വൈകാരിക പിന്തുണ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുതൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും തുല്യപ്രാധാന്യം നൽകണമെന്നും രോഗഭീതിയെ മറികടക്കാൻ അറിവും ആത്മവിശ്വാസവും സ്നേഹപൂർവമായ പിന്തുണയും അനിവാര്യമാണെന്നും അവർ ഓർമിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ ഗ്ലോബൽ റീജിയനുകളിലെയും പ്രോവിൻസുകളിലെയും പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. WMC ഗ്ലോബൽ വൈസ് ചെയർമാൻ ഡോ. ജിമ്മി മോയലൻ ലോണപ്പൻ സംവാദത്തിൽ സജീവമായി പങ്കുചേർന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുകയും പരിപാടിയെ കൂടുതൽ സംവേദനാത്മകവും (Interactive) വിജ്ഞാനപ്രദവുമാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ചോദ്യങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടുള്ള ചർച്ചകൾ സെമിനാറിന് കൂടുതൽ മികവേകി.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് ഡോ. സൂസൻ ചാണ്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ ഫോറം സെക്രട്ടറി ആലീസ് മഞ്ചേരി, ട്രഷറർ ആലീസ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ഡോ. ജെയ്സി ബൈജു, ജോയിന്റ് സെക്രട്ടറി ലീലയമ്മ വർഗീസ് എന്നിവർ പരിപാടിയുടെ വിജയകരമായ സംഘാടനത്തിൽ സജീവ പങ്കാളികളായി.
WMC അമേരിക്ക റീജിയൻ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവരുടെ പിന്തുണയും സഹകരണവും പരിപാടിക്ക് കരുത്തേകി.
“അറിവാണ് പ്രതിരോധത്തിന്റെ ആദ്യപടി; നേരത്തെയുള്ള കണ്ടെത്തലാണ് പ്രതീക്ഷയുടെ പുതിയ വെളിച്ചം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച സെമിനാർ സ്ത്രീകളുടെ ആരോഗ്യസംരക്ഷണം വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമല്ല, കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തം കൂടിയാണെന്ന സന്ദേശവും മുന്നോട്ടുവച്ചു.
സ്ത്രീശാക്തീകരണം, ആരോഗ്യബോധവൽക്കരണം, മാനസികാരോഗ്യ സംരക്ഷണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കൂടുതൽ വിപുലമായ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് വനിതാ ഫോറം നേതൃത്വം അറിയിച്ചു.