നീലിമ: നോവൽ, ലാലി രംഗനാഥ്
ഭാഗം 3
മുറിയിൽ തളംകെട്ടി നിന്ന മൂകതയിലേക്ക് നീലുവിന്റെ മനസ്സിൽ നിന്നും ഓർമ്മകളുടെ സുഗന്ധം പരന്നൊഴുകാൻ തുടങ്ങി.
" ഞാനൊന്ന് ഫ്രഷാവട്ടെ നീലു" എന്നുപറഞ്ഞ് ശാരിയും ബാത്ത് റൂമിലേക്ക് പോയി.
നെഞ്ചോട് ചേർത്തുവച്ച ചിലതെല്ലാം നീലുവിന്റെ സ്മൃതിയിലൂടെ യാത്ര ചെയ്യാനാ രംഭിച്ചു. കൂടെ കൂട്ടരുതെന്ന് എത്ര തന്നെ ശ്രമിച്ചാലും, പറിച്ചു മാറ്റാനാവാത്ത വിധം പറ്റിച്ചേർന്ന ചില ഓർമ്മച്ചിത്രങ്ങൾ. നിറമുള്ളവയും നിറം കെട്ടവയും....
വേനലിൽ ഒഴികെ എല്ലാ മാസങ്ങളിലും, പച്ച പുതച്ചു നിൽക്കുന്ന സുന്ദരമായ ഒരു ഗ്രാമം. വയലേലകളും,കാവും,കുളങ്ങളും ടാറിടാത്ത മൺപാതകളുമുള്ള ഒരുരുൾ പ്രദേശം. നിഷ്കളങ്കത ചാലിച്ച്, കരയോട് പ്രണയം പറഞ്ഞും , കലഹിച്ചും,പിണങ്ങിയും,ഇണങ്ങിയും ഒഴുകുന്ന ചെറു തോടും, തോട്ടിൽ നിന്നും 18 കൽപ്പടവുകൾ കയറി ചെല്ലുമ്പോൾ ഉഗ്രസ്വരൂപിയായ ശിവന്റെ പ്രതിഷ്ഠയുള്ള പഴയ ഒരു അമ്പലവും. കാലും മുഖവും കഴുകി, കൽപ്പടവുകൾ കയറി അമ്പല മുറ്റത്ത് നിൽക്കുമ്പോൾ പാപക്കറകളെല്ലാം കഴുകിയെന്നാണ് ആ നാട്ടിലെ ഗ്രാമീണരുടെ വിശ്വാസം.
തോട്ടിന്റെ കരയിലുള്ള കാവിൽ വിളക്കും വെച്ച്, സർപ്പ പ്രതിഷ്ഠകളിൽ മഞ്ഞൾപൊടിയും വിതറിയാൽ, ദുസ്വപ്നം കാണില്ലെന്ന് നീലുവിന്റെ അമ്മുമ്മ എപ്പോഴും പറയുമായിരുന്നു.
ഒരിക്കൽ പാമ്പിനെ സ്വപ്നം കണ്ട് കരഞ്ഞ നീലിമയോട്,
" നാളെ കാവില് വിളക്ക് വയ്ക്കാം എന്ന് പ്രാർത്ഥിച്ചു ഉറങ്ങിക്കോളൂ കുട്ട്യേ .. ഒന്നും ഉണ്ടാവില്ല കേട്ടോ " എന്ന് പറഞ്ഞാണ് കുഞ്ഞുനീലുവിനെ അമ്മുമ്മ അശ്വസിപ്പിച്ചത്.
അങ്ങനെയുള്ള ഗ്രാമത്തിലെ ഒരു സാധാരണ കുടുംബമാണ് പാല മുറ്റത്ത് വീട്... നീലിമയുടെ തറവാട്.
ആറാം വയസ്സിൽ, വിദേശത്തുനിന്നും പെട്ടിയിലടച്ച് കൊണ്ടുവന്ന വെള്ള പുതച്ച രൂപം മാത്രമായിരുന്നു അവൾക്ക് അച്ഛൻ. അച്ഛന്റെ അഭാവം ആ കുഞ്ഞു മനസ്സിൽ ഉണ്ടാക്കിയ നൊമ്പരം അവൾ തിരിച്ചറിയുന്നത് വിലക്കുകളിലൂടെ ആയിരുന്നു. അമ്മയും അമ്മുമ്മയും ഏട്ടനും മാത്രമുള്ള കുടുംബത്തിൽ അവളുടെ പ്രധാന കൂട്ടുകാരി ഏകാന്തതയും. ഒരച്ഛനു ണ്ടെങ്കിൽ കിട്ടുമായിരുന്ന സ്വാതന്ത്ര്യങ്ങളിൽ നിന്നും വിലക്കപ്പെട്ടപ്പോൾ പലപ്പോഴും നീലിമ എന്ന പെൺകുട്ടി സ്വന്തം മനസ്സിനെയും മനസാക്ഷിയെയും മാത്രം വല്ലാതെയങ്ങ് സ്നേഹിച്ചു.
അവളുടെ വളർച്ച മുതിർന്ന പെൺകുട്ടിയിലെത്തിയപ്പോഴാണ്, അവൾ സരോജം എന്ന അമ്മയെപ്പോലും അടുത്തറിയാൻ തുടങ്ങിയത്. അതുവരെ വൈധവ്യത്തിന്റെ ശാപം ഉരുക്കി ഒഴിച്ച്, മനസ്സിന്റെ പ്രതലം കഠിനമാക്കിയിരുന്നത് കൊണ്ട്, അവൾ അമ്മയിൽ നിന്നും മനസ്സുകൊണ്ട് ഏറെ അകലെയായിരുന്നു പത്തു പതിനാല് വയസ്സ് വരെയും.
രമേശ്.. നീലിമയുടെ ഏട്ടൻ.
പതിമൂന്നാം വയസ്സിൽ അച്ഛനെ നഷ്ടമായത് മുതൽ മോഹങ്ങളും,അതിമോഹങ്ങളും മനസ്സിൽ കുത്തിനിറച്ച് കൗമാര സ്വപ്നങ്ങൾ പോലും കടന്നു വരാൻ അനുവദിക്കാതെ, നേട്ടങ്ങളെ,വിജയങ്ങളെ മാത്രം മുന്നിൽകണ്ട് സൂക്ഷ്മതയോടെ ചുവടുകൾ ഓരോന്നും വെച്ച് പണം നേടിയെടുക്കാൻ ഏതു വഴിയും തെരഞ്ഞെടുക്കാൻ ചങ്കുറപ്പുള്ളവനായി വളർന്നപ്പോൾ ഒരു കൗമാരക്കാരന്റെ മനസ്സ് അവിടെ മരിച്ചു വീഴുകയായിരുന്നു.
സുഭദ്രാദേവി.. നീലിമയുടെ അമ്മുമ്മ. ചിലപ്പോഴൊക്കെ ഏഴ് വയസ്സുകാരിയും, മറ്റു ചിലപ്പോൾ 70കാരിയും ആകും. അവളുടെ ബാല്യ കൗമാരങ്ങളിലും, യൗവനത്തിലും മനസ്സിലെഴുതിയ പല ചിത്രങ്ങൾക്കും നിറം പകർന്നത് അവളുടെ അമ്മുമ്മയായിരുന്നു. അപ്പൂപ്പനുമൊത്തുള്ള അവരുടെ ജീവിതത്തിന്റെ കഥകൾ പറയുമ്പോൾ അമ്മൂമ്മയുടെ മുഖത്ത് വിടരുന്ന ഒരു നാണം കലർന്ന ഭാവമുണ്ട്...
അതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്ന കേൾവിക്കാരിയായിരുന്നു നീലു.
നീലിമ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്, പുതിയതായി താമസിക്കാൻ അടുത്ത വീട്ടിലെത്തിയ, അല്പം കറുപ്പ് മെലിഞ്ഞ ഒരു പെൺകുട്ടിയെ അവൾ പരിചയപ്പെടുന്നത്. രാവിലെ സ്കൂളിലേയ്ക്ക് പോകാൻ ഒരുങ്ങി ഇറങ്ങിയപ്പോഴാണ് ചോദ്യങ്ങളുടെ ഒരു നിരയുമായി ആ കുറുമ്പി നീലുവിന്റെ അടുത്തെത്തുന്നത്.
" കുട്ടി ഏത് സ്കൂളിലാ പഠിക്കുന്നത്? "
ആദ്യം ഈ ചോദ്യവുമായാണ് അവൾ നീലുവിനെ സമീപിച്ചത്.
" ഗേൾസ് ഹൈസ്കൂളിൽ."
എന്താ പേര്? ഞാൻ ആ വീട്ടിൽ താമസിക്കാൻ വന്നതാണ്. ഞാനും ഗേൾസ് സ്കൂളിലാണ് ചേർന്നത്... ഏഴാം ക്ലാസ്. പക്ഷേ നാളെ മുതലേ ക്ലാസിന് വരുന്നുള്ളൂ."
"എന്റെ പേര് നീലിമ.. എന്താ പേര്?"
"ശാരി.".
ഒരു വായാടി ആണെന്ന് നിർത്താതെ സംസാരിക്കുന്നതിൽ നിന്ന് തന്നെ മനസ്സിലാകും. കൂടുതൽ വിശേഷമൊന്നും ചോദിക്കാതെ നീലു സ്കൂളിലേക്ക് പോയി.
തിരികെ സ്കൂളിൽ നിന്നും മടങ്ങി വരുമ്പോഴും,..
" അയ്യോ,ദേ നിൽക്കുന്നു വായാടിപ്പെണ്ണ് ".
നീലു മനസ്സിൽ പറഞ്ഞു.വിടാനുള്ള ഭാവമു ണ്ടായിരുന്നില്ല ശാരിക്ക്.
" നാളെ മുതൽ ഞാനുമുണ്ട് കേട്ടോ. നമുക്ക് ഒരുമിച്ച് ബസ്സിൽ പോകാം."
നീരസത്തോടെ ആണെങ്കിലും നീലു
"ശരി "എന്നു പറഞ്ഞു.
"എന്തൊരു നാവാണ് ഇവൾക്ക്.?"'. അധികം സംസാരിക്കാത്ത നീലുവിന്റെ മനസ്സിലെ ചിന്ത അതായിരുന്നു.
വിപരീത സ്വഭാവമുള്ളവരായിരുന്നെങ്കിലും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ, ശാരിയും നീലുവും അടുത്ത കൂട്ടുകാരികളായി തീർന്നു. പഞ്ചായത്ത് ഓഫീസിലെ ക്ലർക്കായി സ്ഥലം മാറ്റം കിട്ടി വന്ന ആളാണ് ശാരിയുടെ അച്ഛൻ മോഹനൻ. അമ്മ ലളിത വീട്ടമ്മയും.
കുറുമ്പി പെണ്ണാണെങ്കിലും, ശാരി നല്ല മനസ്സുള്ളവളായിരുന്നു. അവളുടെ മനസ്സിന്റെ നൈർമ്മല്യം തന്നെയാണ് നീലുവിലേക്ക് അവളെ അടുപ്പിച്ചതും.
ഒന്നിനേയും കാത്തുനിൽക്കാതെ കാലം കാലത്തിന്റെ വഴിയെ കടന്നു പോയിക്കൊണ്ടിരുന്നു. പെയ്തും,തോർന്നും കരഞ്ഞും,കരയിപ്പിച്ചും ജീവിതവും അതിന്റെ യാത്ര തുടർന്നു.
ബിരുദ ക്ലാസ് പഠനവും പൂർത്തിയായി, കോളേജിലെ വിടപറയൽ ദിവസം ശാരി നീലുവിനോട് പറഞ്ഞു.
" എടി..എനിക്കെന്തോ വല്ലാത്തൊരു വിഷമം പോലെ. പലരും പല വഴിക്ക് പോവ്വല്ലേ? എന്റെ മൂന്നു പ്രണയങ്ങളാണ് എനിക്ക് നഷ്ടമാകുന്നത്. നിനക്ക് പിന്നെ വിഷമിക്കാൻ ഒന്നും ഇല്ലല്ലോ.. പ്രണയവുമില്ല വിരഹവും ഇല്ല."
പ്രണയമോ നിനക്കോ..?ഓരോ വർഷവും ഓരോരുത്തരെ വട്ടു കളിപ്പിക്കുന്ന ഈ ഏർപ്പാടിനെ പ്രണയമെന്ന് വിളിച്ച് ആക്ഷേപിക്കല്ലേ മോളെ.. ആ വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. ഉപയോഗിച്ച് കുളമാക്കല്ലേ പൊന്നേ.."
കളിയാക്കി ചിരിച്ചുകൊണ്ടാണ് നീലു അത് പറഞ്ഞത്.
" ഓ പിന്നെ.. നിനക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയും? നിന്റെ പിന്നാലെ എത്ര പയ്യന്മാരാണ് നടന്നത്? ഒരുത്തനെപ്പോലും തിരിഞ്ഞു നോക്കാത്ത ഒരാളാണ് പ്രണയത്തെക്കുറിച്ച് പറയുന്നത്."
അപ്പോൾ അല്പം കൂടി ശാരിയുടെ അടുത്തേക്ക് നീങ്ങിയിരുന്നിട്ട് ഒരു ജ്ഞാനിയെ പോലെ നീലു തുടർന്നു.
" എടീ.. പ്രണയമെന്നാൽ നോവാണ്. പ്രണയിച്ചവനെ നഷ്ടപ്പെടുമ്പോൾ കനലെരിയണം ഉള്ളിൽ. വിരഹ നോവിൽ വെന്തുരുകണം. വിരഹാഗ്നി എന്നൊക്കെ കേട്ടിട്ടില്ലേ നീ.? "
ഇത് വല്ലതും നീ അറിഞ്ഞിട്ടുണ്ടോ. ഒരാൾ പോകുന്നതിനു മുൻപേ തന്നെ അടുത്തയാൾ മനസ്സിൽ ഇടം പിടിക്കില്ലേ? വിരഹ തീയിൽ ഉരുകാനൊക്കെ എവിടെയാ നേരം അല്ലേ?"
അത് കേട്ട്,ശാരി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
" അത് ശരിയാണ്.. കനലെരിക്കാനൊന്നും എന്റെ മനസ്സിന് പറ്റില്ല. അതെപ്പോഴും കൂൾ ആയിരിക്കും.
നീയെന്നാ ഒന്ന് പ്രണയിച്ചു കാണിക്കെടീ . ഞാനൊന്ന് മനസ്സിലാക്കട്ടെ,നിന്റെ ഭാഷയിൽ യഥാർത്ഥ പ്രണയം എന്താണെന്ന്.?
ഇത് കേട്ട് ശാരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" മറവി മരണമെന്നറിയുക പ്രണയമേ.. ഹൃദയ താളത്തിൽ അത് എഴുതിടാം പ്രാണനിൽ."
ഇതായിരിക്കും എന്റെ പ്രണയം.
നോക്കട്ടെ പ്രണയിക്കാൻ പറ്റിയ ഒരാൾ വരട്ടെ അപ്പോൾ നോക്കാം."
ആ പ്രണയ
ചിന്തകളിലേക്ക് ശാരിയുടെ ഓർമ്മകൾ പെയ്യാൻ തുടങ്ങി.
ലാലി രംഗനാഥ്