സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം മുന്നിൽ
കോഴിക്കോട്: 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേള കോഴിക്കോട്ട് ആവേശകരമായി പുരോഗമിക്കുന്നു. അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ നാലാം ദിനവും ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെയുള്ളവയുടെ അഞ്ചാം ദിനവും പിന്നിടുമ്പോൾ കായികപ്രതിഭകൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ പോയിൻ്റിനും വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ട്രാക്കുകളിൽ നടക്കുന്നത്.
കൗമാരക്കരുത്തിൻ്റെ പോരാട്ടങ്ങൾ നേരിൽ കാണാൻ എൻഐടിയിലെ മേജർ ധ്യാൻചന്ദ് സ്പോർട്‌സ് കോംപ്ലക്സിലെ ഗാലറികളിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ആർപ്പുവിളികളിലൂടെയും കൈയടികളിലൂടെയും കാണികൾ കായികപ്രതിഭകളുടെ ആവേശം വാനോളമുയർത്തി. പ്രധാന വേദിയായ എൻഐടിക്ക് പുറമെ കോഴിക്കോടിൻ്റെ വിവിധ കോണുകളിലുള്ള വേദികളിലും സമാനമായ ആവേശമാണ് അലയടിച്ചത്.
എൻഐടി മേജർ ധ്യാൻചന്ദ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരങ്ങളിൽ ട്രാക്കിലും ഫീൽഡിലും കൗമാരതാരങ്ങൾ മികവ് തെളിയിച്ചു. റേസ് വാക്ക്, വിവിധ വിഭാഗങ്ങളിലെ ഓട്ടമത്സരങ്ങൾ, ജംപ്, ത്രോ ഇനങ്ങൾ, റിലേ എന്നിവ മത്സരങ്ങൾക്ക് ആവേശം പകർന്നു. കൊടിയത്തൂർ പിടിഎംഎച്ച്എസ്എസിൽ കരാട്ടെ, വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ സ്റ്റേഡിയത്തിൽ ബോൾ ബാഡ്‌മിൻ്റൻ, ദേവഗിരി സെൻ്റ് ജോസഫ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്‌മിൻ്റൻ മത്സരങ്ങളും നടന്നു.
മത്സരങ്ങൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോൾ 2004.3 പോയിൻ്റുമായി തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാരായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൃശൂർ 951.3 പോയിൻ്റുമായി രണ്ടാമതും 887.3 പോയിൻ്റുമായി മലപ്പുറവും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. കണ്ണൂരും കോഴിക്കോടും നാലും അഞ്ചും സ്ഥാനങ്ങളിൽ പോരാട്ടം തുടരുകയാണ്.
അത്‌ലറ്റിക്‌സിൽ മികച്ച ജില്ലയായി 168.333 പോയിൻ്റോടെ മലപ്പുറമാണ് നിലവിൽ മുന്നിൽ. 128.5 പോയിൻ്റുമായി പാലക്കാട് രണ്ടാമതും 88 പോയിൻ്റോടെ തിരുവനന്തപുരവും 76 പോയിൻ്റുമായി ആലപ്പുഴയും ശക്തമായ പോരാട്ടത്തോടെ പിന്നിലുണ്ട്. 62 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മികച്ച പ്രകടനവുമായി മുന്നേറുകയാണ്