സിഎംആർഎൽ എക്‌സാലോജിക് ഇടപാട്: 85 ലക്ഷം ദുബായിലേക്ക് കടത്തി, ഹവാല ഇടപാടിന് തെളിവുകൾ; വീണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.ഡി
സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ടി.വീണയ്‌ക്കെതിരെ ശക്തമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രംഗത്ത്. സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾ വഴി വൻതോതിൽ പണമിടപാട് നടത്തിയതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ ലഭിച്ചതായി ഇ.ഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വരുമാനത്തിൽ കവിഞ്ഞ വലിയൊരു തുക വീണ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായി 20 കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകളുടെ കൈയെഴുത്ത് കണക്കുകൾ അന്വേഷണ സംഘം പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മെയ് 27-ന് വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡയറിയിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള പേജുകൾ ഈ കേസിൽ അതിനിർണ്ണായകമാണെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. ഈ കണക്കുകൾ പ്രകാരം 85 ലക്ഷത്തോളം ഇന്ത്യൻ രൂപ ദിർഹം രൂപത്തിലാക്കി ദുബായിലേക്ക് ഹവാലയായി കൈമാറിയതായാണ് കണ്ടെത്തൽ.
സിഎംആർഎല്ലിൽ നിന്ന് അക്കൗണ്ട് വഴി ലഭിച്ച 2.78 കോടി രൂപയേക്കാൾ വളരെ വലിയ തുകയാണ് വീണ മറ്റ് സ്രോതസ്സുകളിലൂടെ കൈകാര്യം ചെയ്തിട്ടുള്ളത്. കൂടാതെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് കോളുകൾ നടത്തിയതായും, ഇതിനായി ഉപയോഗിച്ച സിം കാർഡിന്റെ ഫോട്ടോയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നത് വിവരങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമടക്കം കഴിഞ്ഞദിവസം ഒൻപത് ഇടങ്ങളിൽ നടന്ന റെയ്ഡുകൾക്ക് പിന്നാലെയാണ് ഇ.ഡി ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരായ വീണയെ, പുതിയ തെളിവുകളുടെയും കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിൽ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.