കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിൻവലിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ പുതുക്കിയ സർക്കുലർ പിന്നീട് പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധിക്ക് ശേഷം നിയമനം ലഭിച്ചവർക്കായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് ബാധകമായിരുന്നത്. കൂടാതെ, കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷൻ നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തിൽ ഉണ്ടായിരുന്നു. ഇടത് അധ്യാപക സംഘടനകൾ അടക്കം സർക്കാരിന്റെ ഈ ഉത്തരവിനെതിരെ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് നൽകിയിരുന്ന ഇളവുകൾ പിൻവലിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിന് പിന്നാലെയാണ് പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിർദേശം കൂടി വന്നത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കാൻ മാനേജർമാർക്കും ഈ ഉത്തരവ് വഴി നിർദേശം നൽകിയിരുന്നു