മലയാളത്തിന്‍റെ മഞ്ഞള്‍പ്രസാദം: ഹൃദയരാഗം, കെ ആര്‍ മോഹന്‍ദാസ്

Oct 31, 2026 - 06:51
Oct 31, 2026 - 07:58
 0  12
 മലയാളത്തിന്‍റെ മഞ്ഞള്‍പ്രസാദം: ഹൃദയരാഗം, കെ ആര്‍ മോഹന്‍ദാസ്

 മഞ്ഞൾപ്രസാദം എന്നു കേൾക്കുമ്പോൾ മോനിഷയുടെ മുഖമാണ്  ആദ്യം മനസിൽ തെളിയുന്നത് .
  കൺകോണിൽ നിന്നും അടര്‍ന്നുവീഴാത്ത മിഴിനീര്‍ത്തുള്ളിയാണ്  ഇന്നും മോനിഷ … മഞ്ഞള്‍  പ്രസാദത്തിൽ തൊടുമ്പോൾ മോനിഷ ഒരു കണ്ണീര്‍നനവോടെ മനസ്സില്‍ നിറയും .  
  പൂ വിരിയുന്നതുപോലുള്ള ആ മന്ദസ്മിതവും നീലാകാശം കവിതയെഴുതിയ കണ്ണുകളും മലയാളം  എങ്ങനെ മറക്കും? 

 മഞ്ഞള്‍പ്രസാദമായ മോനിഷയെ  
 എംടി കണ്ട നിമിഷം: ഓര്‍മ്മകളിലൂടെ :

മലബാറിന്‍റെ സാംസ്കാരിക കളിത്തൊട്ടിലായ കോഴിക്കോടിന്‍റെ ഹൃദയഭാഗത്തുള്ള ടൗൺഹാളിൽ അരങ്ങേറിയ ഒരു നൃത്തപരിപാടി. സദസ്സിൽ വിശിഷ്ടാതിഥിയായി മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരും. വേദിയിൽ നൃത്തച്ചുവടുകളിലൂടെ കാണികളുടെ ഹൃദയം കീഴടക്കിയതാകട്ടെ, ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളി കുടുംബത്തിലെ പതിനഞ്ചുകാരിയായ മോനിഷയും

മോനിഷയുടെ നൃത്തം സദസ്സിനെ വിസ്മയഭരിതമാക്കി. ആ പ്രതിഭയിൽ ഭാവിയിലെ ഒരു ചലച്ചിത്രനായികയെ ദർശിച്ചത് എം. ടി. യുടെ ഭാര്യയും പ്രശസ്ത നർത്തകിയുമായ കലാമണ്ഡലം സരസ്വതിയായിരുന്നു. എം. ടി. തിരക്കഥയെഴുതിക്കൊണ്ടിരുന്ന പുതിയ ചിത്രത്തിലെ നായികയായി ഈ പെൺകുട്ടിയെ പരിഗണിച്ചുകൂടേയെന്ന അവരുടെ നിർദേശം ഒരു വലിയ കലാജീവിതത്തിലേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.

1986ൽ ഇറങ്ങിയ ഒരു മ്യൂസിക്കൽ - ടീനേജ് റൊമാൻസ് ഹിറ്റ് സിനിമയായിരുന്നു നഖക്ഷതങ്ങള്‍.  എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത സിനിമയിലൂടെ മോനിഷയും വിനീതും അരങ്ങേറ്റം കുറിച്ചു. നഖക്ഷതങ്ങളിലെ ഗൗരിയെ അനശ്വരയാക്കിയ മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. 

ഈ ചിത്രത്തിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി 
മഞ്ഞക്കുറിമുണ്ടു ചുറ്റി എന്ന ഗാനം മലയാളികൾക്ക് മറക്കാനാവാത്ത ഗാനാനുഭവമാണ്, ചന്ദനമഴയില്‍ നനയുന്ന ഒരനുഭൂതിയാണ് എന്നും ഈ ഗാനം. 

ഓരോ തവണ കേള്‍ക്കുമ്പോഴും ഗുരുവായൂരമ്പലത്തില്‍ 
കണ്ണന്‍റെ മുന്നില്‍ കൈകൂപ്പിനില്‍ക്കുന്നതുപോലെ തോന്നും.
ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ കൈമോശം വന്ന 
ചില അപൂര്‍വ്വരാഗങ്ങളുടെ തേങ്ങല്‍ കേള്‍ക്കാനാവും.

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി 
 മഞ്ഞക്കുറിമുണ്ടു ചുറ്റി 
 ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു വന്നു ചിരിതൂകി നിന്നു.

രചന, സംഗീതം, ആലാപനം, അഭിനയം എല്ലാം ഒത്തിണങ്ങിയ പാട്ട്.. തുളസിക്കതിരു പോലെ വിശുദ്ധമായ ഗാനം… 
ഒ. എന്‍. വിയുടെ വിലോലമായ വരികളെ സ്നേഹത്തോടെ തലോടുന്ന ബോംബെ രവിയുടെ ഈണം. പ്രിയപ്പെട്ട വാനമ്പാടി ചിത്രയുടെ ആലാപനം.

കുന്നിമണി ചെപ്പില്‍ നിന്നും ... 
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു ...
 ഞാന്‍ തൊട്ടെടുത്തു ..
എന്‍ വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍ 
എന്‍ നെഞ്ചിലാകെ പടര്‍ന്നു 

മഞ്ചാടിമണിച്ചെപ്പില്‍ നിന്നും വിരല്‍ത്തുമ്പാല്‍ തൊട്ടെടുത്ത
ഒരു നുള്ളു കുങ്കുമം ….എന്‍റെ വിരല്‍ത്തുമ്പില്‍ നിന്നും ആ വര്‍ണ്ണരേണുക്കള്‍ എന്‍ നെഞ്ചിലാകെ പടര്‍ന്നുവെന്ന വരികള്‍ പകര്‍ന്നുനല്‍കുന്നത് അതിവിലോലമായ അനുഭൂതിയാണ്. 
പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു 
അന്തിമയങ്ങിയ നേരത്ത് നീ ഒന്നും 
 മിണ്ടാതെ മിണ്ടാതെ പോയീ എന്‍റെ 
നെഞ്ചിലെ മൈനയും തേങ്ങി 

വേര്‍പാടിന്‍റെയും സഫലമാകാത്ത വിശുദ്ധമായ കൗമാരപ്രണയത്തിന്‍റെയും കണ്ണീര്‍മണിമുത്തുകള്‍ കോര്‍ത്തിണക്കിയ വരികള്‍. മഞ്ഞള്‍പ്രസാദത്തില്‍ അലിഞ്ഞുചേരുമ്പോള്‍ അറിയാതെ ഉള്ളിലെ കൗമാരക്കാരനുണരുന്നതുപോലെ….

കരളില്‍പ്പതിഞ്ഞ മധുരനൊമ്പരമായ  നഖക്ഷതങ്ങള്‍….
നെറ്റിയില്‍ നിന്നും ഈ മഞ്ഞള്‍ പ്രസാദം മാഞ്ഞുപോവാതിരിക്കട്ടെ.