പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ച്‌ കൊല്ലണം: നാട്ടുകാരുടെ പ്രതിഷേധം

പ്രജീഷിനെ കൊലപ്പെടുത്തിയ   കടുവയെ വെടിവെച്ച്‌ കൊല്ലണം: നാട്ടുകാരുടെ പ്രതിഷേധം

ടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷിൻ്റെ (36) പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സുല്‍ത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തിയായി. ഡിഎഫ്‌ഒ ഷജ്ന കരീം, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഡിഎഫ്‌ഒ നടത്തിയ പരാമര്‍ശത്തെ ചൊല്ലി മോര്‍ച്ചറിക്ക് മുമ്ബില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.

പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയും പിന്നീട് നാട്ടുകാര്‍ കണ്ടതും ഒന്ന് തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഡിഎഫ്‌ഒ പറഞ്ഞതോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. മനുഷ്യരുടെ ജീവൻതന്നെ അപകടത്തിലാകുന്ന ഘട്ടങ്ങളില്‍ ജില്ലാ ഭരണകൂടവും വനം വകുപ്പും കാര്യക്ഷമമായി പെരുമാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് തങ്ങള്‍ക്ക് കൈമാറണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

നരഭോജിയായ കടുവയെ വെടിവെച്ച്‌ കൊല്ലാനുള്ള ഉത്തരവിറങ്ങിയതിന് ശേഷമേ മരണപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങുള്ളൂ എന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജന വികാരത്തിനൊപ്പാണ് താന്‍. ഉത്തരവിറക്കാന്‍ നിയമപരമായി തടസങ്ങളിലെന്നും, താന്‍ വനംമന്ത്രിയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നല്‍കിയതായും എം.എല്‍.എ പറഞ്ഞു. ഉത്തരവിറങ്ങിയാല്‍ കടുവയെ വെടിവെക്കാനായി ഡോക്ടര്‍മാര്‍ സജ്ജമാണ്. വാകേരിയില്‍ കൂടുതല്‍ വനപാലകരെ നിയോഗിക്കാന്‍ സി.സി.എഫിനോട് ആവശ്യപ്പെട്ടതായും ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കി.

 കടുവയെ   മയക്കുവെടി വച്ചുപിടികൂടുന്നതിനു പകരം  വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍വകക്ഷി നേതാക്കളും ഉപവാസം തുടങ്ങി. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാല്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കാനും നീക്കമുണ്ട്.

ഇന്നലെ കാപ്പിത്തോട്ടത്തിനോടു ചേര്‍ന്നുള്ള റോഡില്‍ ജീപ്പ് നിര്‍ത്തിയിട്ടാണ് ക്ഷീരകര്‍ഷകനായ പ്രജീഷ് പതിവുപോലെ പുല്ലു ചെത്താനിറങ്ങിയത്. കടുവയുടെ ശല്യമുള്ള പ്രദേശമാണെങ്കിലും ഇതുവരെ ആളുകളെ ആക്രമിക്കാത്തതിനാല്‍ അത്തരം ഭയം ആര്‍ക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പ്രജീഷ്‌ പോയത്.   കാപ്പിത്തോട്ടവും കഴിഞ്ഞുള്ള പറമ്ബില്‍നിന്ന് പുല്ലരിയുമ്ബോഴാണ് കടുവ പിടികൂടുന്നത്. അവിടെനിന്ന് ആക്രമിച്ച്‌ കൊന്നശേഷം ചെറിയ തോടും കടന്ന് മൃതദേഹം വലിച്ച്‌ കടുവ ദൂരേക്കു കൊണ്ടുപോയി. പാലളക്കാനുള്ള സമയമായിട്ടും ഇതുവരെ മകൻ എത്തിയില്ലെന്ന് അമ്മ പറഞ്ഞതനുസരിച്ച്‌ ചെന്നുനോക്കിയപ്പോഴാണ് മനസ്സിനെ നടുക്കിയ കാഴ്ച കണ്ടതെന്ന് നാട്ടുകാരൻ ആന്റണി പറഞ്ഞു.