ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ സ്വരാജ്

ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല; ആരിഫ് മുഹമ്മദ് ഖാനെതിരെ സ്വരാജ്

ണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി സി പി എം നേതാവ് എം സ്വരാജ്. ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നും ഇത് ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തിലായിരിക്കാം എന്നും സ്വരാജ് പറഞ്ഞു.

കണ്ണൂരില്‍ കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഭ്രാന്തുള്ളവര്‍ക്ക് എം പിയോ എം എല്‍ എയോ ആകാനാവില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകും എന്ന ദീര്‍ഘ വീക്ഷണത്തിലായിരിക്കാം ഈ വകുപ്പ് ഒഴിവാക്കിയത് എന്ന് നമുക്ക് പറയാനാകില്ല,' എന്നായിരുന്നു സ്വരാജിന്റെ വിവാദ പരാമര്‍ശം.

പ്രായപരിധി മാത്രമാണ് ഗവര്‍ണറാകാനുള്ള മാനദണ്ഡങ്ങളില്‍ ഭരണഘടന എഴുതി വെച്ചിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഗവര്‍ണര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച്‌ ഒരു അഭിപ്രായം പറഞ്ഞു. വൈദേശിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് ഗവര്‍ണര്‍ അന്ന് പറഞ്ഞിരുന്നത്. ഇത് ഗവര്‍ണറുടെ മാത്രം നിലപാടല്ല, ആര്‍എസ്‌എസിന്റെ നിലപാട് കൂടിയാണ് എന്നും സ്വരാജ് പറഞ്ഞു.

'ഗോള്‍വാള്‍ക്കര്‍ വളരെ മുന്‍പ് തന്നെ വൈദേശീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ അവരെ ഉന്മൂലനം ചെയ്യണം എന്നടക്കം പറഞ്ഞിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വരാജിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.