'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, തെളിവുകൾ കൈവശമുണ്ട്'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ശനിയാഴ്‌ച നടന്ന കോൺഗ്രസ് പാർട്ടിയുടെ നിയമ സമ്മേളനത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
"ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ കഴിയും, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചിട്ടുണ്ട്" എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മാത്രമല്ല ആരോപണങ്ങൾ തെളിയിക്കാൻ തന്റെ പാർട്ടിക്ക്യുടെ കൈയിൽ ഇപ്പോൾ മതിയായ ഡാറ്റയും രേഖകളും ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. 'ഞങ്ങൾ ഇത് തെളിയിക്കാൻ പോകുന്നു, ഇപ്പോൾ ഞങ്ങളുടെ കൈവശം ഡാറ്റയുണ്ട്' രാഹുൽ പറയുന്നു.
ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജമാണെന്ന് പാർട്ടി കണ്ടെത്തിയതായി രാഹുൽ ഗാന്ധി വെളിപ്പെടുത്തി. ഭരണകക്ഷിയായ ബിജെപിയുടെ ഭൂരിപക്ഷം ഈ ആരോപണവിധേയമായ തട്ടിപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. 'അവർക്ക് 15-20 സീറ്റുകൾ കുറവ് ലഭിച്ചിരുന്നെങ്കിൽ മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ല' രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മരിച്ചുവെന്നാണ് രാഹുൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ ആരോപണങ്ങളും വിമർശനം കുറച്ചുകൂടി കടുത്ത ഭാഷയിൽ ആവർത്തിക്കാനും രാഹുൽ മറന്നില്ല. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് സമ്മേളനത്തിൽ വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിനെതിരായ ആരോപണം അദ്ദേഹം കടുപ്പിക്കുന്നത്.