ഗവര്‍ണര്‍ പറയുന്നതെല്ലാം കളവ്; കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല: എംവി ഗോവിന്ദന്‍

ഗവര്‍ണര്‍  പറയുന്നതെല്ലാം കളവ്; കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐക്കാര്‍ കാറിനെ ആക്രമിച്ചു എന്ന് ഗവര്‍ണര്‍ പറയുന്നത് കളവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

മാധ്യമങ്ങള്‍ പകല്‍വെളിച്ചം പോലെ ഇതെല്ലാം കാണിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് തെറ്റായിരുന്നുവെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ആക്രമിക്കുന്നു എന്ന നില വരുത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നതെന്ന് എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഇതൊന്നും കേരളീയ സമൂഹത്തില്‍ ഏശാന്‍ പോകുന്നില്ല. ന്യായമായിട്ടും സത്യസന്ധമായിട്ടും ശരിയായ രീതിയിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി മുമ്ബോട്ടുപോകുന്ന നാടാണ് കേരളം. കേരളത്തില്‍ ഇതുപോലുള്ള തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെപ്പറ്റി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ല. തിരിച്ചുവിളിച്ചു എന്നതു കൊണ്ട് വലിയ ഗുണമൊന്നുമില്ല. എക്‌സ് പോയി വൈ വരും എന്നു മാത്രം. അത് ഇതിനേക്കാള്‍ മൂത്ത ആര്‍എസ്‌എസ് തന്നെയാകാനാണ് സാധ്യതയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ ആളുകള്‍, ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്ന ആവശ്യം ചിന്തിക്കുന്നുണ്ട് എന്നത് സത്യമാണ്.

എന്നാല്‍ സിപിഎം അതു മുദ്രാവാക്യമായി എടുത്തിട്ടില്ല. ഇനി വേണമെങ്കില്‍ അതേപ്പറ്റി ആലോചിക്കാവുന്നതാണ്. കേന്ദ്രസേന വരുന്നതൊക്കെ ന്യായമായിട്ടുള്ള കാര്യമാണോ?. ഇതൊക്കെ ചെയ്യുന്നത് ബിജെപിയുടെ അജണ്ടയാണ്. കേരളത്തില്‍ 356 ഒന്നും നടക്കാന്‍ പോകുന്നില്ല. അതിന് ഫാസിസം വരണം. അത് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നമുക്ക് നോക്കാം.

വളഞ്ഞവഴിയായാലും നേരെ വഴിയായാലും ഇന്നത്തെ ഇന്ത്യയില്‍ ഇതുപോലൊരു സന്ദര്‍ഭത്തില്‍, ഇവര്‍ ഉദ്ദേശിക്കുന്ന പോലെ 356-ാം വകുപ്പൊന്നും നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമല്ല. ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പാണ് അവര്‍ ഉദ്ദേശിക്കുന്നുണ്ടാകുക. എന്നാല്‍ കേരളത്തില്‍ ഒരു സീറ്റും ബിജെപിക്ക് ലഭിക്കില്ല.

സംസ്ഥാനത്ത് പ്രശ്‌നം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും യുഡിഎഫും ചേര്‍ന്നുകൊണ്ട് സിപിഎമ്മിനെതിരെ നീക്കം നടത്തുന്നു. ഇവര്‍ രണ്ടു കൂട്ടരും സിപിഎമ്മിനെയാണ് മുഖ്യശത്രുവായിട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിഷേധം തീരുമാനിച്ചത് എസ്‌എഫ്‌ഐയാണ്. അവര്‍ അത് തുടരുമായിരിക്കും. അവര്‍ തുടരുന്നു എന്നാണല്ലോ കാണുന്നത്. പട്ടാളം വന്നതുകൊണ്ട് ആരെങ്കിലും പ്രതിഷേധം അവസാനിപ്പിക്കുമോ?. പ്രതിഷേധിക്കാന്‍ തീരുമാനിച്ചവര്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.