ടൈഗർ ഷ്റോഫിന് നേരെയുള്ള വധശ്രമം; മൂന്ന് പ്രതികളെയും രാജസ്ഥാനിൽ നിന്ന് പിടികൂടി പോലീസ്
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെ നടന്ന വധശ്രമക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും മുംബൈ- രാജസ്ഥാൻ പോലീസ് നടത്തിയ സംയുക്ത നീക്കത്തിലൂടെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടികൂടി. ഫൂൽ സിംഗ് (17), റിതിക് കുമാർ എന്ന റോഷൻ (22), റെഹാൻ അൻസാരി (18) എന്നിവരാണ് പിടിയിലായത്. പൂനെ– ജയ്പൂർ സൂപ്പർ ഫാസ്റ്റ് (12939) ട്രെയിനിലാണ് പ്രതികൾ എത്തിയത്.
കഴിഞ്ഞ ദിവസം ഫുട്ബോൾ ക്ലബ്ബിന് സമീപത്ത് വെച്ചാണ് ടൈഗർ ഷ്റോഫിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തത്. അക്രമികൾ അഞ്ച് തവണ വെടിയുതിർത്തതായും ആക്രമണത്തിനിടെ കാറിന്റെ ചില്ല് തറച്ചുകയറിയാണ് താരത്തിന് പരിക്കേറ്റതെന്നും വ്യക്തമായിട്ടുണ്ട്.
വെടിവെപ്പിൽ നടന്റെ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. തലനാരിഴയ്ക്കാണ് താരം വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ടൈഗർ ഷ്രോഫിന്റെ വസതിയിലെത്തി നേരിൽ കണ്ട് വിവരങ്ങൾ തിരക്കിയിരുന്നു. മുംബൈയിൽ ഒരു തരത്തിലുള്ള ഗുണ്ടാസംഘങ്ങളുടെയും വിളയാട്ടം അനുവദിക്കില്ലെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഷിൻഡെ മുന്നറിയിപ്പ് നൽകി.