എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

Aug 25, 2026 - 19:55
 0  3
എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്:  സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂ ഹൈഡ് പാർക്ക് കേന്ദ്രീകൃതമായി  പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയർ വെൽനെസ്സ് (ECHO Senior Wellness) ഈ വർഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ്  ഉടമസ്ഥതയിൽ ന്യൂ ഹൈഡ്  പാർക്കിൽ പ്രവർത്തിക്കുന്ന ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042)  വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ചെയ്യുന്നത്.  അമേരിക്കയിലെ പ്രമുഖ  നെഫ്രോളജിസ്റ് ഡോ. മധു ഭാസ്‌കരൻ,  മലയാള മനോരമ ദിനപ്പത്രത്തിൽ ദീർഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവർത്തിച്ച പ്രശസ്ത ജേർണലിസ്റ് ജോൺ മുണ്ടക്കയം എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്ത് ഓണസന്ദേശം നൽകുന്നതാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി 2013 മുതൽ  ന്യൂ ഹൈഡ് പാർക്കിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്  എക്കോ (ECHO - Enhance Community Through Harmonious Outreach). മുതിർന്ന പൗരന്മാരുടെ മാനസികവും ശാരീരികവും ആരോഗ്യപരവും ആയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ECHO ചെയ്യുന്ന പ്രൊജക്റ്റാണ്  ECHO Senior Wellness. ഇപ്പോൾ എക്കോയുടെ ഫ്ളാഗ്ഷിപ് പ്രൊജക്റ്റാണ് സീനിയർ വെൽനെസ്സ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4 മുതൽ 7 വരെ ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ ധാരാളം മുതിർന്നവർ ഒത്തുകൂടി അവരുടെ മാനസികവും ആരോഗ്യപരവുമായ പരിപാലനത്തിന് വിവിധ വിനോദപ്രവർത്തികളും, പരിശീലനങ്ങളും, കലാപരിപാടികളും, യോഗാ എക്സർസൈസുകളും ചെയ്തു വരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി കൂടുതൽ പേരുടെ  ആവശ്യ പ്രകാരം ഇതേ സീനിയർ വെൽനെസ്സ് പ്രോഗ്രാം  എല്ലാ ചൊവ്വാഴ്ചകളിലും 4 മുതൽ 7 വരെ   ലെവിടൗണിലുള്ള  സെന്റ്‌ തോമസ് മലങ്കര ഓർത്തഡോക്സ്‌ പള്ളിയുടെ ഓഡിറ്റോറിയത്തിൽ  (St. Thomas Malankara Orthodox Church, 110 Schoolhouse Road, Levittown, NY 11756) വച്ചും നടത്തിവരുന്നു. നാനൂറിലധികം പേർ അംഗങ്ങളായുള്ള സീനിയർ വെൽനെസ്സ് പരിപാടിയിൽ എല്ലാ  ആഴ്ചയിലേയും രണ്ട് മീറ്റിംഗിലും മുതിർന്നവർ അറിഞ്ഞിരിക്കേണ്ട വിഞ്ജാനപ്രദമായ വിവിധ ക്ലാസ്സുകളും, ആരോഗ്യ പരിപാലനത്തിനായി  യോഗാ, തായ് ചി മുതലായ എക്സർസൈസ് പരിപാടികളും, നിറ്റിങ് പരിശീലനങ്ങളും മറ്റും നൽകി വരുന്നു.

വൃക്ക സംബന്ധ രോഗങ്ങളുടെ സ്പെഷ്യലിസ്റ്റ് ആയ അമേരിക്കയിൽ വളരെ പ്രശസ്‌തനായ നെഫ്രോളജിസ്റ്  ഡോ. മധു ഭാസ്കരനാണ് ഈ വർഷം ഓണ സന്ദേശം നൽകുന്നത്.  നല്ല ഒരു പ്രഭാഷകൻ കൂടിയായ ഡോ. മധു, ഹിന്ദു മിത്തോളജിയിലും വേദ-ഉപനിഷത്തുകളിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയാണ്.   സീനിയർ വെൽനെസ്സ് പരിപാടിയുടെ അഭ്യുദയ കാംക്ഷിയും ചിലപ്പോഴൊക്കെ വൃക്കരോഗങ്ങൾ സംബന്ധമായ വിജ്ഞാനപ്രദമായ ക്‌ളാസ്സുകൾ നല്കുന്നയാളും കൂടിയാണ് ഡോ. മധു.

മലയാള മനോരമ  ദിനപ്പത്രത്തിൽ ചീഫ് ഓഫ് ബ്യുറോ ആയി  25 വർഷത്തിലധികം പ്രവർത്തിച്ച മുതിർന്ന മാധ്യമ പ്രവർത്തകനാണ് ശ്രീ. ജോൺ മുണ്ടക്കയം. രാഷ്ട്രീയ വിഷയങ്ങൾ  വളരെ അവഗാധതയോടെ വിശകലനം ചെയ്ത് മനോഹരമായ റിപ്പോർട്ടുകൾ മലയാളികൾക്കായി സമ്മാനിച്ചിട്ടുള്ള ഒരു പ്രശസ്‌ത ജേർണലിസ്റ്റായ ജോൺ മുണ്ടക്കയം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ്. പുതു തലമുറയിലെ മാധ്യമ പ്രവർത്തകർക്ക് ധാരാളം ക്ലാസുകൾ നൽകുന്ന വിവേകിയായ ഉപദേഷ്ട്ടാവ്, വിവിധ ബുക്കുകൾ പ്രസിദ്ധീകരിച്ച നല്ലൊരു എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ് ജോൺ. അദ്ദേഹവും ഈ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥി ആയിരിക്കും.

ഇവരെക്കൂടാതെ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആഘോഷ ചടങ്ങിൽ സംബന്ധിക്കുന്നതാണ്.  ഇരുപത്തിയെട്ടു കൂട്ടം വിഭവങ്ങളോടുകൂടി ആസ്വാദ്യകരമായ ഓണസദ്യയും സംഘാടകർ ക്രമീകരിക്കുന്നുണ്ട്. മാവേലിത്തമ്പുരാനും, ചെണ്ടമേളവും, തിരുവാതിരയും, പൂക്കളവും, ഓണപ്പാട്ടുകളും, വിവിധ കലാപരിപാടികളും കൊണ്ട് സമ്പുഷ്ട്ടമായ ഒരു സന്ധ്യ ആസ്വദിക്കുവാൻ ഏവരേയും വെള്ളിയാഴ്ച വൈകിട്ടത്തെ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.  പ്രവേശനം പാസ്സ്  മൂലം നിയന്ത്രിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - ഫോൺ:  (516) 902-4300.    Email: [email protected] .   Website:   www.echoforhelp.org .