യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി

Oct 28, 2026 - 12:38
 0  2
യുജിസി  നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി

ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ ഒക്ടോബർ 31 വരെ നീട്ടി. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 31 ശനിയാഴ്ച രാത്രി 11:50 വരെ അപേക്ഷിക്കാം.

 യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ നാഷണൽ എലിജിബിളിറ്റി ടെസ്റ്റ് (UGC NET) അപേക്ഷ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴിയാണ് പൂർത്തിയാക്കേണ്ടത്.

പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ രാത്രി 11:50 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാത്ത ഉദ്യോഗാർഥികൾക്ക് കൂടുതൽ സമയം നൽകുന്നതിനാണ് തീയതി   നീട്ടിയിരിക്കുന്നത്. അവസാന നിമിഷത്തെ സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതുക്കിയ സമയപരിധിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണമെന്ന് എൻ‌ടി‌എ നിർദ്ദേശിച്ചു.

പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ അറിയിപ്പുകൾക്കും അപ്‌ഡേറ്റുകൾക്കുമായി NTA വെബ്‌സൈറ്റായ nta.ac.in പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 25 വരെയുള്ള കണക്കുകൾപ്രകാരം ആകെ 5,50,048 ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 3,73,419 പേർ അപേക്ഷ നടപടികൾ പൂർത്തിയാക്കി ഫീസ് അടച്ചിട്ടുണ്ട്.

ഇൻഫർമേഷൻ ബുള്ളറ്റിനിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, ഇന്ത്യൻ സർവകലാശാലകളിലെയും കോളേജുകളിലെയും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള ഇന്ത്യൻ പൗരന്മാരുടെ യോഗ്യത നിർണ്ണയിക്കുന്നതിനാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.