നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍  നീയൊരു നീലാഞ്ജനതീര്‍ത്ഥമായി….. : ഹൃദയരാഗം ,കെ. ആര്‍ മോഹന്‍ദാസ്

Sep 19, 2026 - 06:30
Sep 19, 2026 - 06:33
 0  4
നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍  നീയൊരു നീലാഞ്ജനതീര്‍ത്ഥമായി….. : ഹൃദയരാഗം ,കെ. ആര്‍ മോഹന്‍ദാസ്
ത്മരാജന്‍റെ തിരക്കഥയിൽ മോഹൻ സംവിധാനം ചെയ്ത് 1980-ൽ റിലീസ് ചെയ്ത ശാലിനി എന്‍റെ കൂട്ടുകാരി മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു സിനിമയാണ്. ആ സിനിമയിലെ ഗാനങ്ങളെല്ലാം അക്കാലത്തെ യുവത്വത്തിന്‍റെ ഹൃദയമിടിപ്പുകളായിരുന്നു.
അക്കാലത്ത് പാട്ടുകൾ കേൾക്കാൻ ഇന്നത്തെപ്പോലെ വിരൽത്തുമ്പിൽ സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. റേഡിയോയ്ക്ക് ചുറ്റുമിരുന്ന്, ഇഷ്ടപ്പെട്ട പാട്ടിനായി കാത്തിരിക്കേണ്ടിയിരുന്നു. 
ശാലിനി എന്‍റെ കൂട്ടുകാരിയിലെ ഗാനങ്ങളെല്ലാം മലയാളിയുടെ ഹൃദയങ്ങളിൽ ഇടം നേടിയവയായിരുന്നു. അവയിൽ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു ഗാനാനുഭവമാണ്:
ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ പ്രണയപ്രവാഹമായി വന്നൂ അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ് തീർന്നൂ 
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു അമാനുഷികമായ മാസ്മരികത  രചയിതാവ് ഈ ഗാനത്തില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്  പൊലെ... 
നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരുനീലാഞ്ജന 'തീർത്ഥമായി പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കുംപീയൂഷവാഹിനിയായി  
ശാലിനി എന്‍റെ കൂട്ടുകാരിയിലെ എം. ഡി രാജേന്ദ്രന്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട 
ഹിമശൈലസൈകത ഭൂമിയില്‍നിന്നു നീ പ്രണയപ്രവാഹമായ് വന്നൂ എന്ന ഗാനം
ദേവരാജന്‍മാഷിന് ഏറെയിഷ്ടപ്പെട്ട ഗാനമായിരുന്നു. 

മാധുരിയമ്മയുടെ മധുരമായ ആലാപനം ഗാനത്തെ അതിമനോഹരമാക്കി. ഈ പാട്ടിൻ്റെ വരികളിൽ എന്നെ ഏറ്റവും ആകർഷിച്ചത് ‘പ്രഥമോദബിന്ദു‘ എന്ന വാക്ക് തന്നെ. ‘മഴയുടെ ആദ്യത്തെ തുള്ളി‘ എന്ന് പ്രഥമോദബിന്ദുവിനർത്ഥം.
അറിയാതെ എഴുതിയ വരികള്‍ അറം പറ്റിയ ഒരു  ഗാനമായിരുന്നു ഇതെന്ന് ഗാനരചയിതാവായ 
എം. ഡി. രാജേന്ദ്രന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
അറം പറ്റിയ ആ വരികള്‍ അദ്ദേഹം വേദനയോടെ ഓര്‍മ്മിക്കുന്നുണ്ട് :
എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍ 
 ഏതോദിവാസ്വപ്നമായി 
 ബോധമബോധമായ് മാറും ലഹരി തന്‍ 
 സ്വേദപരാഗമായ് മാറി 
എന്തൊരു വരിയാണത്; കവിതയും പ്രണയവും കൈകോര്‍ത്തുനില്‍ക്കുന്ന വരി.. നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ, ചിലപ്പോളത് പ്രണയത്തിലാകാം, അല്ലെങ്കില്‍ വിരഹത്തില്‍,  
കാലം ഖനീഭൂതമായ്നില്‍ക്കുമക്കര 
 കാണാക്കയങ്ങളിലൂടെ 
 എങ്ങോട്ടുപോയി ഞാന്‍ എന്‍റെ സ്മൃതികളേ 
 നിങ്ങള്‍ വരില്ലയോ കൂടെ 
 നിങ്ങള്‍വരില്ലയോ കൂടെ ?
ശാലിനി എന്‍റെ കൂട്ടുകാരി റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ നായിക ശോഭ ആത്മഹത്യ ചെയ്തു.  താരകം  പോലെ തിളങ്ങുന്ന കണ്ണുകള്‍, വശ്യമനോഹരമായ പുഞ്ചിരി, പ്രസ്സന്നമായ മുഖം, ശോഭയെന്ന നടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളാണ്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ. 
ബാലതാരമായി കടന്നുവന്ന ശോഭ, വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ അഭിനയപ്രതിഭകൊണ്ട് 
പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി എൺപതോളം ചിത്രങ്ങളിൽ വേഷമിട്ടു. നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ ഒരു നീലാഞ്ജനതീര്‍ത്ഥമായി ശോഭ….  
കാലം ഘനീഭൂതമായ്നില്‍ക്കുമക്കര
കാണാക്കയങ്ങളിലൂടെ,
എങ്ങോട്ടുപോയി ഞാന്‍ എന്‍റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
ഒരു മിഴിനീര്‍സ്മരണ കൂടിയാണ് കവി എംഡിആറിന്  ഈ രചന.  ``കാലം ഘനീഭൂതമായ് നിൽക്കും അക്കരകാണാ കയങ്ങളിലൂടെ, എങ്ങോട്ടുപോയി ഞാൻ എന്‍റെ സ്മൃതികളേ നിങ്ങൾ വരില്ലയോ കൂടെ.. മരണത്തെ കുറിച്ചുള്ള പ്രവചനാത്മകമായ വരികൾ.  ആ വരികൾക്ക് അറം പറ്റുമെന്ന്  സങ്കൽപ്പിച്ചിരുന്നില്ല  കവി. ശാലിനി എന്‍റെ കൂട്ടുകാരി പുറത്തിറങ്ങി മാസങ്ങൾക്കകം ശോഭ ആത്മഹത്യ ചെയ്തു.
മരണത്തിലേക്ക് ആദ്യം ശോഭ പോയി, വിഷാദകാമുകനായി വന്ന് ഒരു തലമുറയെ മുഴുവൻ പ്രണയത്തിൽ തളച്ചിട്ട വേണു നാഗവള്ളിയും വിട പറഞ്ഞു….  
ഇനി ഇതുപോലൊരു സിനിമയും ഇതുപോലൊരു ഗാനവും ഗാനരംഗവും ജീവിതത്തിൽ തിരിച്ചു കിട്ടില്ല.
ഇവിടെ ശ്രോതാവ് ഒരു പാട്ടു കേള്‍ക്കുകയല്ല, ദൂരെയെവിടെയോ  നിന്ന് ഒരു ഓർമ്മ ഒഴുകി വരുന്നതുപോലെയാണ്. നനഞ്ഞ മണ്ണിന്‍റെ ഗന്ധമുള്ള ഒരു  മഴക്കാലം, മുല്ലപ്പൂവിന്‍റെ മണം, ജാലകവാതിലില്‍ കാത്തുനിന്നിരുന്ന ഒരു കൗമാരമനസ്സ്—എല്ലാം ഒരുമിച്ച് ഓർമ്മയിൽ തെളിയും.
ഇന്ന് ഈ ഗാനം  കേൾക്കുമ്പോൾ, മനസ്സ് അറിയാതെ പഴയ വഴികളിലൂടെ നടക്കാൻ മോഹിക്കും. ഒരിക്കൽ നമ്മുടേതായിരുന്ന, പക്ഷേ കാലം പതുക്കെ നമ്മിൽ നിന്ന് അകറ്റിക്കൊണ്ടുപോയ ഒരു ലോകത്തിലേക്ക്.
ഈ നിലാവസ്തമിക്കുമ്പോള്‍… വെറുതെ പിണങ്ങിയ പ്രിയപ്പെട്ടവരെ….വിടപറഞ്ഞുപോയ പ്രിയമുഖങ്ങളെ….
ഓര്‍ത്തുപോവുന്നു….വെറുതെ…