അവർക്ക് തെരുവിലിറങ്ങേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ രാജ്യം നന്നാകാൻ അവർ അത് ചെയ്തു; അഭിജീത് ദീപ്‌കെ

Oct 19, 2026 - 18:41
 0  5
അവർക്ക് തെരുവിലിറങ്ങേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ രാജ്യം നന്നാകാൻ അവർ അത് ചെയ്തു;   അഭിജീത് ദീപ്‌കെ

ഡൽഹി: സി.ജെ.പി നേതാക്കളായ അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും കുറിച്ച് വൈകാരികമായ കുറിപ്പുമായി സംഘടനയുടെ സ്ഥാപകൻ അഭിജീത് ദീപ്‌കെ. മികച്ച കരിയറും ഉയർന്ന ശമ്പളമുള്ള ജോലിയും സാമ്പത്തിക ഭദ്രതയും ഉണ്ടായിരുന്നിട്ടും, രാജ്യം മികച്ചതാക്കി മാറ്റാൻവേണ്ടിമാത്രം ഇരുവരും സുഖലോലുപമായ ജീവിതം ഉപേക്ഷിച്ച് തെരുവിലിറങ്ങുകയായിരുന്നു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

“വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ വലിയ ശമ്പളത്തിലുള്ള കോർപ്പറേറ്റ് ജോലി അശുതോഷിന് ലഭിച്ചതാണ്. സൗരവ് ആകട്ടെ, രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എഴുതി നല്ലൊരു ജീവിതം നയിച്ചുവരികയായിരുന്നു. എന്നാൽ ഈ രാജ്യത്തെ മികച്ചൊരു സ്ഥലമാക്കി മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവർ ആ ജീവിതമെല്ലാം ഉപേക്ഷിച്ചത്. യാതൊരു അനിശ്ചിതത്വങ്ങളും നേരിടാതെ സുഖമായി ജീവിക്കാൻ കഴിയുമായിരുന്നിട്ടും, ഭാഗ്യമില്ലാത്ത സാധാരണ മനുഷ്യർക്ക് വേണ്ടി അവർ തെരുവിലിറങ്ങുകയും ഒടുവിൽ ജയിലിലാകുകയും ചെയ്തു,” അഭിജീത് വ്യക്തമാക്കി.

മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തുന്നവരാണ് യഥാർത്ഥ മനുഷ്യരെന്നും, അശുതോഷും സൗരവും അത്തരത്തിലുള്ള അപൂർവ്വ വ്യക്തിത്വങ്ങളുടെ ഉടമകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് അതിക്രമിച്ചു കയറി മിന്നൽ പ്രതിഷേധം നടത്തിയ കേസിലാണ് അശുതോഷ് റാങ്കെ, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

അശുതോഷിന്റെയും സൗരവിന്റെയും നേതൃത്വത്തിൽ മതിൽ ചാടിക്കടന്നെത്തിയ പ്രവർത്തകർ ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തിയായിരുന്നു പ്രതിഷേധിച്ചത്. കേസിൽ അജിൻക്യ ഷിൻഡെയ്ക്ക് ഇതിനോടകം ഉപാധികളോടെ ജാമ്യം ലഭിച്ചിട്ടുണ്ട്. അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹർജി കോടതിയുടെ പരിഗണനയിലാണ്.

We use cookies aligned with this Privacy policy. 
Subscribe /wmvoice Telegram channel
Follow /wmvnews on Facebook