'നീലിമ'- ലാലി രംഗനാഥിന്റെ നോവൽ ആരംഭിക്കുന്നു
ഭാഗം.. 1
പതിവുപോലെ സന്ദീപ്,രാവിലെ ഒമ്പതരക്ക് തന്നെ ആർമി ഓഫീസിലേക്ക് പുറപ്പെട്ടു. വാതിൽപ്പടിയിൽ ചാരി നിന്നിരുന്ന നീലിമയുടെ കവിളിൽ ചെറുതായൊന്ന് തട്ടിയിട്ട്,അവളുടെ മുഖത്തേക്ക് നോക്കാതെയാണയാൾ ജീപ്പിൽ കയറിപ്പോയത്.
മിലിറ്ററി ഓഫീസേർസ് ക്വാർട്ടേഴ്സിലെ പത്താം നമ്പർ ബംഗ്ലാവിന്റെ ഇടനാഴിയിലെ മൂകതയ്ക്ക് കനമേറി വരുന്നതു പോലെ തോന്നി നീലിമയ്ക്ക്. ഡിസംബറിലെ കൊടും തണുപ്പിലും അവൾ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു.
" ശാരി ഒന്നെത്തിയിരുന്നെങ്കിൽ ".?. ഒരു ദീർഘനിശ്വാസത്തോടെ അവൾ ആത്മഗതം പറഞ്ഞു.
" മോളേ.. ചായ ".. സന്ദീപിന്റെ വളർത്തമ്മയും, ഏക ബന്ധുവുമായ
സരളമ്മ,മുന്നിൽ ചായയുമായി നിൽക്കുന്നു. 60 വയസ്സോളം പ്രായമുള്ള അവരുടെ മുഖത്തെ കുലീനത്വം ആരെയും ആകർഷിക്കുന്നതായിരുന്നു.
നീലിമ.. ആർമി ഓഫീസർ സന്ദീപിന്റെ ഭാര്യയാണ്. മലയാളിത്തം ആവാഹിച്ചെടുത്ത,വെളുത്ത് സുന്ദരിയായ, വിഷാദമുറങ്ങുന്ന കണ്ണുകളും, ആരുടെയും മനമുടക്കുന്ന ഉടലഴകുമുള്ള ഒരു പെൺകുട്ടി. അവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.
നീലിമയുടെ മുഖം ഒന്ന് ശ്രദ്ധിച്ചിട്ട് , സരളമ്മ ചോദിച്ചു.
" മോൾക്കെന്തുപറ്റി..സുഖമില്ലേ? "
"ഒന്നുമില്ല സരളമ്മ.. ചെറിയൊരു തലവേദന. പിന്നേ.. ഇന്ന് ശാരി വരുന്നുണ്ട്. കോയമ്പത്തൂരിൽ നിന്നും അവൾ തിരിച്ചിട്ടുണ്ട്. ലഞ്ച് കഴിക്കാൻ അവളും ഉണ്ടാവും."
"ആ.. സന്തുമോൻ ഇന്ന് ഡൽഹിക്ക് പോവല്ലേ? രണ്ടുദിവസം ഇവിടെ കാണുമോ മോളെ ശാരി?"
" മിക്കവാറും ഉണ്ടാകും. കല്യാണത്തിന് ശേഷം അവളെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലല്ലോ? "
" ഞാനും ചിലപ്പോഴൊക്കെ മോളുടെ ആ കൂട്ടുകാരിയെക്കുറിച്ച് ഓർക്കും. നിങ്ങളുടെ കല്യാണത്തിന് നിറഞ്ഞുനിന്നത് ആ കുട്ടി അല്ലാരുന്നോ..? പിന്നെ കണ്ടിട്ടില്ലല്ലോ എന്ന്. "
" അതെ.. അവളുടെ ഹസ്ബന്റിന് ഒഴിവില്ലാത്തതു കൊണ്ടായിരുന്നു ഇങ്ങോട്ട് വരാതിരുന്നത്. ഇവിടെ സന്ദീപിനും ലീവി ല്ലായിരുന്നല്ലോ? "
"എന്നാ,ഞാനങ്ങോട്ട് ചെല്ലട്ടെ മോളെ? ചെമ്മീൻ കറിയും വെച്ച്, ചിക്കൻ ഫ്രൈയും ചെയ്യാം. ബാക്കി പച്ചക്കറി മതിയല്ലോ?"
"ആ ".. എന്ന് അലസമായി മൂളിക്കൊണ്ട് ജനലഴികളിൽ പിടിച്ച്, വിദൂരതയിലേക്ക് കണ്ണും നട്ട്, നീലിമ പുറത്തേക്ക് നോക്കി നിന്നു.
പുറത്ത് വീശുന്ന ശീതക്കാറ്റിന് അപരിചിതത്വത്തിന്റെ ഗന്ധമുണ്ടായിരുന്നു .
അവളുടെ ഉള്ളിലെരിയുന്ന കനലിന്റെ തീവ്രത കൊണ്ടാവാം, പുറത്തെ മരവിപ്പിക്കുന്ന തണുപ്പിന് അവളെ സ്പർശിക്കാനേ കഴിഞ്ഞില്ല.
" ശാരിയെ ഒന്നു വിളിച്ചാലോ? " അവളോ ർത്തു. അതിനായി മൊബൈലെടുത്തതും ശാരിയുടെ കോൾ വന്നു.
" ഹലോ..ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകാരുന്നു. "
"ആണോ? ഞാൻ അരമണിക്കൂറിനകം എത്തും ട്ടോ. നിന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നേ? സന്ദീപ് ടൂർ പോകുന്നതിന്റെ വിഷമത്തിലാണോ?
നീലുവിന്റെ ഉള്ളൊന്നു കാളി. സത്യം അവളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.
സന്ദീപിന്റെ നാല് ദിവസത്തെ ടൂർ പ്രോഗ്രാമിന്റെ വിവരം പറഞ്ഞപ്പോൾ, ആ ദിവസം ഒന്നെത്തിയെങ്കിലെന്ന് പ്രാർത്ഥിക്കുകയായിരുന്നു അവൾ.
നിമിഷങ്ങൾ വിരസമായി കടന്നു പോയിക്കൊണ്ടിരുന്നു. തലേദിവസം നടന്ന സംഭവത്തിന്റെ നടുക്കുന്ന ഓർമ്മയുടെ ഓളങ്ങൾ, അവളുടെ മനസ്സിന്റെ ഭിത്തിയിൽ ഇടിച്ചു ചിതറി.
നീല നിറമുള്ള ജനൽ കർട്ടനുകളും, നീല കിടക്ക വിരിയും, അരണ്ട വെളിച്ചവും ഉള്ള അവളുടെ കിടപ്പുമുറി, അവൾ ഭയത്തോടെ കാണുകയായിരുന്നു. ദയനീയ ഭാവത്തിൽ വേട്ടക്കാരനെ നോക്കുന്ന ഒരു മാനിന്റെ ചിത്രം അവളുടെ ചിന്തകളിൽ അപ്പോഴും നിറഞ്ഞു നിന്നു. പാഞ്ഞടുക്കുന്ന, വേട്ടക്കാരന് സന്ദീപിന്റെ മുഖച്ഛായയും.
വല്ലാതെ തല വേദനിച്ചിട്ടും സരളമ്മ കൊടുത്ത ചായ പോലും കുടിക്കാൻ അവൾക്ക് തോന്നിയില്ല.
" ശാരി ഒന്ന് വേഗമെത്തിയെങ്കിൽ... വയ്യ.. എനിക്കിനി ഒന്നും ഉള്ളിലൊതുക്കാൻ വയ്യ. "
പെയ്യാൻ വിതുമ്പി നിൽക്കുന്ന മേഘം പോലെ കറുത്തിരുണ്ടിരുന്നു, അപ്പോൾ അവളുടെ മനസ്സ്.
മുറ്റത്ത് കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ട് നീലുവും ഒപ്പം സരളമ്മയും പുറത്തേക്ക് വന്നു.
കാറിന്റെ ഡോർ തുറന്നു ശാരി ഇറങ്ങി. ഏകദേശം 30 വയസ്സോളം പ്രായമുള്ള, ഇരുനിറത്തിൽ മെലിഞ്ഞ ഒരു സ്ത്രീ. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ക്ലാർക്കാണ്. ഡ്രൈവർക്ക് കാശു കൊടുത്തിട്ട്,
" നീലു.. നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ? " എന്ന് പറഞ്ഞുകൊണ്ട് വരാന്തയിലേക്ക് കയറി.
" വരൂ ശാരി.. " എന്ന് പറഞ്ഞ് അവളുടെ കൈപിടിച്ച് ഹാളിലേക്ക് കടക്കുമ്പോൾ
നീലുവിന്റെ ശബ്ദം നന്നേ തളർന്നിരുന്നു.
" എന്തു പറ്റിയെടാ? സരളമ്മേ,ഇവൾക്ക് സുഖമില്ലേ? ഇന്നലെ സന്ദീപ് ടൂർ പോകുന്നു എന്ന് പറഞ്ഞ്,ഇവളെന്നെ വിളിച്ചപ്പോൾ, ഊട്ടിയിൽ രണ്ടുദിവസം അടിച്ചുപൊളിക്കാമെന്നോർത്താണ് ഞാൻ വന്നത്. എന്നിട്ട് നീയിപ്പോ...
എന്തുപറ്റി എന്റെ സുന്ദരിക്കുട്ടിക്ക്? "
നീലുവിന്റെ കവിളിൽ തട്ടികൊണ്ട് അവൾ ചോദിച്ചു.
കോളേജിൽ ചങ്കുകളായിരുന്നു എം.എ സൈക്കോളജി വിദ്യാർഥിനികളായിരുന്ന നീലിമയും ശാരിയും. പലപ്പോഴും ശാരി നീലു വിനോട് പറയുമായിരുന്നു...
" എടീ നീലു.. നിന്റെ സൗന്ദര്യത്തിന്റെ പകുതി എങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ, ഞാനിവിടെ ഒന്ന് പൂണ്ടുവിളയാടിയേനെ. നീയാണെങ്കിലോ,പിന്നാലെ നടക്കുന്നവരെപ്പോലും ഒന്ന് തിരിഞ്ഞു നോക്കുന്നില്ല "എന്ന്.
സരളമ്മ ശാരിക്ക് ജ്യൂസ് കൊണ്ടുവരാമെന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയപ്പോൾ, ശാരിയ്ക്കായുള്ള മുറി കാണിച്ചു കൊടുത്തുകൊണ്ട് നീലു പറഞ്ഞു.
" നീ പോയി ഫ്രഷായിട്ട് വാ. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. "
നീലുവിന്റെ തോളിൽ പിടിച്ച്, കട്ടിലിൽ ഇരുത്തിക്കൊണ്ട് ശാരി ചോദിച്ചു..
" ഫ്രഷ് ആവുന്നതൊക്കെ പിന്നീട്. നീലൂ..മോളെ നിനക്കെന്തുപറ്റി? നിന്റെ കല്യാണശേഷം ഞാൻ അധികം ഫോൺ പോലും വിളിക്കാതിരുന്നത്, പഴയ ഓർമ്മയിലേക്കൊന്നും നീ എത്താതിരിക്കാനായിരുന്നു. പുതിയ ജീവിതത്തിന്റെ സന്തോഷ നിമിഷങ്ങൾ, നീ ശരിക്കും ആസ്വദിക്കട്ടെ എന്ന് കരുതി.
പെട്ടെന്ന് ഒരു തേങ്ങലോടെ, നീലു ശാരിയുടെ ചുമലിലേക്ക് ചാരി, ഏങ്ങലടിച്ചു കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ, ജ്യൂസുമായെത്തിയ സരളമ്മയും, ശാരിയും ഒരു നിമിഷം പകച്ചു പോയി.
മൗനം മുറിച്ചു കൊണ്ട്,
" ഞാൻ പോട്ടെ മോളെ, കറി സ്റ്റൗവിലുണ്ട് എന്നു പറഞ്ഞ് വിവേകപൂർവ്വം സരളമ്മ അവിടെ നിന്നും അടുക്കളയിലേക്ക് പോയി.
" നീലു.. എന്താടി? എന്താ നിന്റെ പ്രശ്നം? സന്ദീപുമായി നീ പിണങ്ങിയോ?
ഒന്ന് മുഖമുയർത്തി, ശാരിയെ നോക്കിയിട്ട് അവൾ പറഞ്ഞു.
" പിണങ്ങാനായി അതിന് ഞങ്ങൾ ഇതുവരെ ഇണങ്ങിയിട്ടില്ലല്ലോ..? "
" നീ എന്തൊക്കെയാ ഈ പറയുന്നേ നീലു? എല്ലാം ഒന്ന് തെളിച്ചു പറയൂ.. "
മൂന്നുമാസത്തെ ദാമ്പത്യത്തിന്റെ കഥ പറയാൻ തുടങ്ങുമ്പോൾ, അസാധാരണമായ ഒരു ധൈര്യം നീലുവിന്റെ മുഖത്ത് തെളിഞ്ഞിരുന്നു.