ഉഷമലർ : ആത്മാവിൻ്റെ ഭംഗി ; ബുക് റിവ്യൂ
കെ ആർ മോഹൻദാസ്
ശുഭയുടെ 'ഉഷമലര്' കവിതാ സമാഹാരം തുറക്കുമ്പോള് മനസ്സില് നീലോല്പ്പലങ്ങള് വിടരുന്നത് അറിയുന്നു. വാക്കുകളാല് വിവരിക്കാവുന്നതിലുമപ്പുറമാണ് ആ കാവ്യാനുഭൂതി. കുഞ്ഞു കാര്യങ്ങളുടെ മൃദുല സുന്ദരമായ ദലങ്ങൾക്കു പിന്നാലെ ഒരോണത്തുമ്പിയെപ്പോലെ പാറി നടക്കുന്ന ഒരു മനസ്സാണ് ഈ കവിയുടേത് എന്നു തോന്നിയിട്ടുണ്ട്,
ഇലഞ്ഞിപ്പൂമണം ഇലച്ചീന്തിലൊളിപ്പിച്ചും മൂവാണ്ടൻ മാവിൻ തലപ്പിൽ പിടിച്ചൊന്ന് ഊയലാടിയും പാടവരമ്പത്ത് കിനാവു കണ്ടിരുന്നതും , മഞ്ഞപ്പട്ടുപാവാടയണിഞ്ഞ് നെറ്റിയിൽ മഞ്ഞൾ പ്രസാദവും പുരട്ടി മഴ നനഞ്ഞ് അമ്പലമുറ്റത്തു നിന്നും ഓടി വരുന്ന അതീവ സുന്ദരിയായ ഒരു ഗ്രാമീണപ്പെൺകുട്ടിയുടെ മന്ദസ്മിത
മധുകണങ്ങൾ പോലെയാണ് ശുഭയുടെ കവിതകൾ. കവിയുടെ ഓർമ്മകൾ കവിതകളായി വിരിയുന്നു,
ഈ ഓർമ്മകൾ അനുവാചകൻ്റെയും സ്വന്തമാണ്. ഈ വരികളിലെ മന്ദസ്മിതമധുകണങ്ങൾക്കെന്തു മധുരം. എന്തൊരാർദ്രത.
സ്വന്തം കാവ്യദലങ്ങളെക്കുറിച്ച് ശുഭ കോറിയിട്ട വരികളുടെ നനവ് പ്രണയം പോലെ മധുരമനോജ്ഞമാണ് -
എന്നിൽ നിന്നും എന്നിലേക്കുള്ള തീർത്ഥാടനമായിരുന്നു എനിക്ക് കവിത , എന്നെ ഞാനായി അറിയുന്നയിടങ്ങളിൽ ഞാനുണ്ട് .
എന്റെ ആത്മാവിന്റെ ഭംഗിയറിയുന്നയിടങ്ങളിൽ ഞാനുണ്ട് .
ഈ വരികളില് കവി തന്റെ കാവ്യപ്രയാണത്തെ സുവ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
ഉഷമലരിന് കവിയും അധ്യാപികയുമായ സന്ധ്യ അരുണ് കുറിച്ച അവതാരികയുടെ തിളക്കം ഈ കാവ്യസമാഹാരത്തിന് പത്തരമാറ്റേകുന്നുണ്ട്:
....സ്വപ്നങ്ങളുടെ കടലാഴങ്ങളിൽ മുങ്ങിയെടുത്ത അമൂല്യങ്ങളായ
അക്ഷര മുത്തുകളും അൽഭുത രത്നങ്ങളും അവിരാമമായ ആത്മ തപസ്സിൻ്റെ ധ്യാന പൂർണ്ണിമയിൽ
തെളിഞ്ഞ ദാർശനിക ജ്ഞാനത്തിൻ്റെ
വജ്രത്തിളക്കങ്ങളും ശുഭചിന്തയുടെ
ചാണയിൽ ഉരച്ചു മിനുക്കി
സർവാശ്ലേഷിയായ പ്രപഞ്ച പ്രണയത്തിൻെറ സ്വർണ്ണനൂലിഴയിൽ കോർത്ത് വായനക്കാരന് സമർപ്പിക്കുന്ന വിലമതിക്കാനാവാത്ത
മണിഹാരങ്ങളാണ് ശുഭയുടെ കവിതകളോരോന്നും.
നിദ്രയുടെ ആഴങ്ങൾ...
പ്രണയമഹൽ....
ജന്മാന്തരം...
സ്വപ്നപാഥേയം...
പേരിലെ അമൃതം പോലെ
തന്നെ കടഞ്ഞെടുത്ത
കാവ്യ നവനീതങ്ങളിൽ
മൊഴിയാതെ പോയ...
മൗനാനുരാഗങ്ങളുടെ
വൈഡൂര്യങ്ങൾ
പൊഴിഞ്ഞു കിടക്കുന്നുണ്ട്.
ഓരോ വായനത്താളും
വെളിപ്പെടുത്തുന്നത്
വ്യത്യസ്തമായ
രസാനുഭവങ്ങളാണ്.
പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ഭാഷയാണ് ശുഭയുടെ എഴുത്തിന്
കരുത്ത് പകരുന്നത്.
വേദനയും വിഷാദവും പ്രസാദവും
സ്നേഹ പരിഭവങ്ങളും അകക്കണ്ണിൻ്റെ കണ്ണാടിയിൽ പ്രതിഫലിക്കുമ്പോൾ
കണ്ണീരിലും മഴവില്ല് വിരിയുന്നുണ്ട്.
ജീവിതത്തിൻ്റെ നാനാ തലങ്ങളെയും നനച്ച് കുളിരിൻ്റെ കളകളം പൊഴിച്ച്
ഒരു കല്ലോലിനി പോലെ പതിഞ്ഞൊഴുകുന്ന
കവയിത്രിയുടെ സർഗ്ഗ സാന്നിധ്യം
ഉഷമലരിന്നിതൾ വിരിയും പോലെ അനായാസമായി വിടർന്ന് അനുവാചക മനസ്സിൽ അവാച്യമായ അനുഭൂതി സുഗന്ധം പരത്തുന്നു...
(സന്ധ്യാ അരുണ് എഴുതിയ അവതാരികയില് നിന്ന്)
കവിയുടെ ഹൃദയാഴങ്ങളില് മുങ്ങി കരഗതമാക്കിയ വിസ്മയങ്ങളാണ് സന്ധ്യാ അരുണ് അനുവാചകരുടെ മനസ്സിലേക്ക് വിതറുന്നത്.
എവിടെയോ മറന്നു വെച്ച എന്നിലെ എന്നെ തിരയുന്ന ആത്മാവിന്റെ സ്വരദലങ്ങളാണ് ശുഭയുടെ കവിതകൾ. ഭാഷയുടെ ആന്തരികലയത്തിനു കാതോർത്തു കൊണ്ട്, ഒരു പൂമൊട്ടു വിരിയുന്ന നിഷ്കളങ്കമായ സൗന്ദര്യവും ലാളിത്യവും കവിതകളിൽ ലയിപ്പിച്ചിട്ടുണ്ട് ഈ കവയിത്രി. പൂവിതളുകൾ കൊണ്ടു തീർത്ത ശില്പങ്ങളുടെ സുഭഗത ശുഭയുടെ കവിതകൾക്കുണ്ട്.
സായാഹ്ന സാനുവിലെ വിലോല മേഘങ്ങൾ ജനിമൃതികൾക്കകലെ നിൽക്കുന്ന പ്രണയനിശ്വാസച്ചൂടിൽ അലിഞ്ഞ് മഴയായി പെയ്യുകയാണ് ഇവിടെ കവിതകൾ.
ഒരനുകരണത്തിന്റെയും പിന്നാലെ പോകാതെ, സ്വന്തം ആത്മാവിന്റെ കാവ്യപഥങ്ങളിലൂടെ സഞ്ചരിക്കുന്ന തനത് രചനാശൈലിക്ക് ഉടമയായ ഈ കവയിത്രിയുടെ തൂലികയിൽ വിടർന്ന 'ഉഷമലർ' ഹൃദയപൂർവ്വം സമർപ്പിക്കുന്നു.
മോഹൻദാസ്