മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണഛായാ ചിത്രം ലണ്ടനിൽ 1.7 കോടി രൂപയ്ക്ക് വിറ്റു

മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണച്ചായ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ 1.7 കോടി രൂപയ്ക്ക് വിറ്റു. ലേല സ്ഥാപനമായ ബോൺഹാംസ് ഈ ചിത്രത്തിന് ലഭിക്കുമെന്ന് കണക്കാക്കിയ വിലയേക്കാൾ വളരെ കൂടുതലാണ് ഈ തുക.
1931 ൽ ഗാന്ധി ലണ്ടൻ സന്ദർശിച്ചപ്പോൾ ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലൈറ്റൺ ആണ് ഈ ചിത്രം വരച്ചത്. ഗാന്ധിജി ഇരിക്കുന്ന രീതിയിലുള്ള ഒരേയൊരു എണ്ണച്ചായ ചിത്രമാണിതെന്ന് കരുതുന്നതായും ബോൺഹാംസ് പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാ പരിഷ്കാരങ്ങൾ ചർച്ച ചെയ്യുന്നതിനും സ്വയംഭരണത്തിനായുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിനായി 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോഴായിരുന്നു ഈ ചിത്രം വരച്ചത്.
അതേസമയം ആരാണ് പെയിന്റിംഗ് വാങ്ങിയതെന്ന് ബോൺഹാംസ് പറഞ്ഞിട്ടില്ല, പെയിന്റിംഗ് പ്രദർശനത്തിന് വയ്ക്കുമോ എന്നതും വ്യക്തമല്ല. അതേസമയം 1974-ൽ, പെയിന്റിംഗ് പൊതുപ്രദർശനത്തിന് വച്ചപ്പോൾ, ഈ ഛായാചിത്രം കത്തികൊണ്ട് ആക്രമിക്കപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രക്കാരന്റെ കുടുംബം പറയുന്നതനുസരിച്ച്, ഒരു തീവ്രവാദി കലാസൃഷ്ടിക്ക് കേടുപാടുകൾ വരുത്താൻ കത്തി ഉപയോഗിച്ചിരുന്നു. ചിത്രത്തിൽ പലയിടത്തും അറ്റകുറ്റപ്പണികളുടെ ലക്ഷണങ്ങൾ കാണാം.