ഏതാണ്ട് നാലര വയസുള്ളപ്പോൾ ചിന്നുവിൽ തിരിച്ചറിഞ്ഞ ചില പ്രത്യേക സ്വഭാവ വിശേഷങ്ങൾ ഞങ്ങളിൽ അസ്വാസ്ഥ്യo വളർത്തി.
കറങ്ങുന്ന ഫാനിൽ നോക്കി മണിക്കൂറുകളോളം ഇരിക്കുക , കളിപ്പാട്ടങ്ങൾ നേർരേഖയിൽ നിരത്തിവെച്ച് കളിക്കുക, തുടങ്ങിയ സ്വഭാവ വിശേഷങ്ങൾ കണ്ടാണ് ആ അസ്വാസ്ഥ്യം വളർന്നു തുടങ്ങിയത്!
അതുവരെ അവൾഒരു സാധാരണ കുട്ടി മാത്രമായിരുന്നു ഞങ്ങൾക്ക് .എല്ലാവരോടും ചിരിച്ചും കളിച്ചും ഇടപെടുന്ന കുട്ടി . അതുകൊണ്ടുതന്നെ അവളെ മറ്റു കുട്ടികളിൽ നിന്ന് വത്യസ്തയായിക്കാണാൻ തനിക്കോ രാജീവേട്ടനോ കഴിഞ്ഞിരുന്നില്ല.
നാലുവയസ്സ് കഴിഞ്ഞപ്പോൾമറ്റു ചില വൈകല്യങ്ങളും അവളിൽ കണ്ടുതുടങ്ങി. ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട്, ആവർത്തിച്ചുള്ള സംഭാഷണരീതികൾ, ചിലവൈകൃത ചലനങ്ങൾ, എന്നിവയെല്ലാമാണ് അവളെ ആ പ്രായത്തിൽ ചികിത്സക്കായി ഡോക്ടർ ആഷിക്കിന്റെ അടുത്തെത്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. അദ്ദേഹമാണ് ഓട്ടിസമാണ് അവൾക്കെന്ന് സ്ഥിരീകരിച്ചത്
.
ഇക്കഴിഞ്ഞ വർഷങ്ങളിലെ സ്പെഷ്യൽസ്ക്കൂളിലെ പരിശീലനം അവളെ കുറെയൊക്കെ മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എല്ലാത്തിനും എന്റെ കൈത്താങ്ങ് അവൾക്കാവശ്യമുണ്ട്.
.ഈ ജീവിതപോർക്കളത്തിൽ ഞാനിന്നൊറ്റക്കാണ്.
അവളെപ്പൊലെ ഒരു കുഞ്ഞിനെ പോറ്റിവളർത്തുമ്പോഴുള്ള എല്ലാ ബുദ്ധിമുട്ടുകളും ഞാനിന്നറിയുന്നു.
എനിക്ക് തുണയാകേണ്ട രാജീവേട്ടൻ അകലെയെങ്ങോ ഇരുന്ന് രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുമ്പോൾ ഞാനിവിടെ മക്കളുടെയും കുടുംബാംഗങ്ങളുടേയും, ജോലിയുടേയും ഇടയിൽക്കിടന്ന് യുദ്ധം ചെയ്യുന്നു എന്ന വ്യത്യാസം മാത്രം.
പ്രക്ഷുബ്ധമായ ഓർമ്മത്തിരമാലകൾ ശാന്തതയുടെ തീരത്തണയുമ്പോൾ ചിന്നുവിനെ തിരഞ്ഞ് ദൃഷ്ടികൾ പാഞ്ഞു. ,
ചിത്രശലഭത്തിന്റെ പുറകേ പായുന്ന പെൺകുട്ടിയുടെ പടം വരച്ചു കഴിഞ്ഞ് ചിന്നു അതിൽ നോക്കി ഉറക്കെച്ചിരിക്കുകയാണ്. ഒരു കൊച്ചു കുഞ്ഞിന്റെ .ഭാവമാണ് ഇപ്പോൾ അവൾക്കുള്ളത്. ചിലപ്പോൾ അടുത്ത നിമിഷം അവൾ തന്നെ ദേഷ്യം വന്ന് അത് വലിച്ചുകീറിക്കളയാനും മതി.
അവൾ നന്നായി വരച്ച ആ ചിത്രം നശിപ്പിക്കാതെ നോക്കേണ്ടത് തന്റെ കടമയാണ്.ചിത്രം വരക്കാനുള്ള അവളുടെ കഴിവിനെ ഡോക്ടർമാർ ഉൾപ്പെടെ പലരും പുകഴ്ത്തിയിട്ടുള്ളതാണ്.
പെട്ടെന്നുള്ള അവളിലെ ഭാവമാറ്റം കണ്ട് അവൾ അതു വലിച്ചു കീറിക്കളഞ്ഞേക്കുമെന്ന് തോന്നി ,അവളുടെ അടുത്തെത്തി പറഞ്ഞു
" മോൾ നന്നായി വരച്ചല്ലോ . "
പരിചിതമായ എന്റെ വാക്കുകൾ കേട്ട് ചിന്നു കൈകൊട്ടിച്ചിരിക്കാൻ തുടങ്ങി.
" പക്കി ...പക്കി "എന്ന് അവൾ അപ്പോൾ ആവർത്തിക്കുന്നുണ്ടായിരുന്നു
അതവളുടെ ആഹ്ളാദ പ്രകടനമാണ് എന്നറിഞ്ഞ് ആശ്വാസത്തോടെ പറഞ്ഞു.
"നമുക്ക് ഈ പടം സൂക്ഷിച്ചു വയ്ക്കാം. അടുത്ത മാസംഅച്ഛൻ വരുമ്പോ കാണിക്കാം"
അച്ഛൻ എന്ന് കേട്ടപ്പോൾ ചിന്നുവിന്റെ മുഖത്ത് പതിവു പോലെ ഭയം നാമ്പിട്ടു.
ഇനിയും രാജീവേട്ടൻ വരുമ്പോൾ ചിന്നു മോളെ ഭയപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവളെ കാണുമ്പോൾ ഇങ്ങനെയൊരു കുഞ്ഞിനെ ആണല്ലോ തങ്ങൾക്ക് മൂത്ത മകളായി കിട്ടിയത് എന്ന് അദ്ദേഹം അസ്വസ്ഥതപ്പെടാറുണ്ട്.
അതിന്റെ പ്രതിഫലനമാണ് ചിലപ്പോൾ അവളോടുള്ള ദേഷ്യമായി പുറത്തു വന്ന് ദേഹോപദ്രവമായി മാറുന്നത്.. പക്ഷേ അത് കഴിയുമ്പോൾ സ്വയം കുറ്റബോധത്തിന് അടിപ്പെടുകയും ചെയ്യും. ഇനി അവളെ തല്ലുകയില്ലെന്ന് എന്റെ തലയിൽതൊട്ട് സത്യം ചെയ്യും.
ഇത്തവണ അവളെ കൂട്ടി ഡോക്ടറുടെ അടുത്ത് പോകുമ്പോൾ അദ്ദേഹത്തെയും കൂട്ടി പോകണം .
ഡോക്ടർ ഏതു രീതിയിലാണ് അവളോട് ക്ഷമയോടെ പെരുമാറേണ്ടതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊള്ളും.
അങ്ങനെ ചിന്തിച്ചു നില്ക്കുമ്പോഴാണ് മിന്നു തന്റെ സ്ക്കൂൾബാഗ് തോളിൽ ഇട്ടുകൊണ്ട് അടുത്തുവന്നത് . അവൾ സ്കൂളിൽ പോകുവാൻ റെഡിയായി ക്കഴിഞ്ഞിരിക്കുന്നു.
" അമ്മേ എനിക്ക് സ്കൂളിൽ പോകുവാൻ നേരമായി. എന്റെ സ്കൂൾ ബസ് ഇപ്പോൾ വരും" .അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു
"മോൾ വല്ലതും കഴിച്ചോ?" ഞാൻ ഇടർച്ചയോടെ ചോദിച്ചു.
"കഴിച്ചു അമ്മേ. ജാനുവമ്മ ഇഡ്ഡലി ഉണ്ടാക്കിത്തന്നു."
ചിന്നുവിനേക്കാൾ ചെറിയ കുട്ടിയായ മിന്നുവിന്റെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുവാൻ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധമായിരുന്നുഅപ്പോൾ ഉള്ളിൽ. പക്ഷേ മിടുക്കിയായ മിന്നു തന്റെ കാര്യങ്ങളെല്ലാം സ്വയം നോക്കിക്കോളും. ജാനുവമ്മയും അവളുടെ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കും. അതുകൊണ്ട് സമാധാനമുണ്ട്.
എനിക്കും ചിന്നുമോൾക്കും സ്പെഷ്യൽസ്കൂളിൽ പോകേണ്ട ദിവസമാണല്ലോ എന്നോർത്തതും അപ്പോഴാണ്. ശനിയും ഞായറും ഒഴിച്ച് ബാക്കിയെല്ലാ ദിവസവുംഒരേ സ്കൂളിലേക്കാണ് ഞങ്ങളുടെ യാത്ര.
ചിന്നുവിന് സ്കൂളിൽ പോകുന്നത് ഇഷ്ടമാണെങ്കിലും ഇടയ്ക്കവൾക്ക് മടിപിടിക്കും. അപ്പോൾ അവളെ നിർബ്ബന്ധിച്ച് ഒരുക്കിക്കൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടാണ്.
നോക്കുമ്പോൾ ചിന്നു കാർഡുകൾ കൊണ്ട് എന്തോ കളിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. സ്പെഷ്യൽ സ്കൂളിൽ നിന്നും പഠിച്ചതാണ്. അവൾ അത് തുടർന്നുകൊള്ളട്ടെ എന്ന് കരുതി ഞാൻ പിന്തിരിഞ്ഞുനടന്നു.
അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ അവൾ ശാഠ്യം പിടിച്ച് ഉറക്കെ കരയും. നാലര വയസ്സുള്ള ഒരു കൊച്ചു കുട്ടിയുടെ മനസ്സാണ് അപ്പോൾ അവൾക്ക്.
ടീച്ചേഴ്സ് ട്രെയിനിങ്ങിനിടയിൽ അദ്ധ്യാപകർ പറഞ്ഞത് ഓർത്തു.വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവരാണ് ഇത്തരം കുട്ടികൾ.മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ സ്വഭാവത്തിൽ ധാരാളം വൈകല്യങ്ങൾ ഉണ്ടാകും. മുതിർന്നവർക്ക് അംഗീകരിക്കാൻ പ്രയാസമുള്ളവ. സൂക്ഷ്മതയോടെ പരിശീലിപ്പിച്ചാൽ അവരെയും മറ്റു കുട്ടികളെപ്പോലെ ആക്കിത്തീർക്കാൻ പറ്റും.
മോൾ ഇത്തരത്തിൽ ഒരു കുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ മനസ്സ് തകർന്നെങ്കിലും, അതിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് ആ അറിവിൽ നിന്നാണ്.
ഞാൻ ഏതെങ്കിലും ജോലിക്കായി ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. മോൾ ഓട്ടിസം കുട്ടിയാണ് എന്നറിഞ്ഞപ്പോൾ വളരെ ആലോചിച്ച് രാജീവേട്ടനോട് പറഞ്ഞു:
"ഏതായാലും നമ്മുടെ മോൾ ഇങ്ങനെയായി. ഇനി അവളെ എങ്ങനെ വളർത്തണം എന്നും കൂടി നമ്മൾ അറിഞ്ഞിരിക്കണമല്ലോ. അതിനായി ഞാൻ സ്പെഷ്യൽസ്കൂൾ ട്രെയിനിങ്ങിന് പോകാം. ഞാൻ ഒരു അദ്ധ്യാപികയായാൽ സാമ്പത്തികമായും അത് ഗുണം ചെയ്യുമല്ലോ."
"ശരിയാ വരദേ. അതൊരു നല്ല ആശയമാണ്. സ്പെഷ്യൽസ്കൂൾ ടീച്ചർ ആയാൽ നിനക്ക് നമ്മുടെ മോളെ കൂടുതൽ ശ്രദ്ധിക്കാനും പറ്റും. നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും ."
അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.
അങ്ങനെ ഞാൻ ട്രെയിനിങ്ങിന് പോയി. അവളെ സാധാരണ സ്കൂളിൽ ആക്കിയിട്ടാണ് അന്ന് ഞാൻ പോയിരുന്നത്.
എന്നാൽ അവിടത്തെ ടീച്ചർമാരുടെയും ആയമാരുടെയും ക്രൂരമായ പെരുമാറ്റം അവളെ അസ്വസ്ഥയാക്കി. കൂടാതെ, പകൽ മുഴുവൻ എന്നെ കാണാതെയുള്ള അവളുടെ മനോവിഷമവും വർദ്ധിച്ചു. അവിടെ ഉണ്ടായിരുന്ന കാലത്തെല്ലാം ടീച്ചർമാർ അവളെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടേയിരുന്നു.
പിന്നീട് ഒരു വർഷത്തിനുശേഷം അവളെ ആ സ്കൂളിൽ നിന്ന് മാറ്റി സ്പെഷ്യൽ സ്കൂളിൽ ചേർത്തു. അപ്പോഴേക്കും എനിക്കും ട്രെയിനിങ് കഴിഞ്ഞ് അവിടെത്തന്നെ ജോലി ലഭിച്ചു. ഇന്നിപ്പോൾ സ്കൂളിൽ അവളുടെ എല്ലാ കാര്യങ്ങളും ഞാനും കൂടി ശ്രദ്ധിക്കുന്നു. അതവൾക്കും എനിക്കും ഒരുപോലെ സമാധാനം നൽകുന്നു.
"എന്താ വരദേ, ഇന്ന് നിനക്കും അവൾക്കും സ്കൂളിൽ ഒന്നും പോവണ്ടേ? നേരം കുറെയായി എന്ന് തോന്നുന്നല്ലോ."
സരോജിനിയമ്മ വാതിൽക്കൽ എത്തി ചോദിച്ചു.
"പോകാം അമ്മേ. ഇവളെ ആഹാരം കഴിപ്പിക്കുക ഒക്കെ വേണ്ടേ. ഇപ്പോൾ വിളിച്ചാൽ അവൾ വരുമെന്ന് തോന്നുന്നില്ല."
"ശരി ശരി, ഞാൻ പറഞ്ഞതേയുള്ളൂ. അല്ല, അവളെയും കൊണ്ട് നീ സ്കൂളിലേക്ക് പോയാൽ അത്രയും സമയം ബാക്കിയുള്ളവർക്ക് സമാധാനമായിട്ട് ഇവിടെ ഇരിക്കാമല്ലോ."
ആദ്യത്തെ വാചകം ഞാൻ കേൾക്കുവാനും, മറ്റേത് സ്വയം എന്നപോലെയുമാണ് അവർ പറഞ്ഞത്.
രാജീവേട്ടന്റെ അമ്മയ്ക്ക് ചിന്നുവിനോടും എന്നോടും ഉള്ള നീരസം നല്ലതുപോലെ അറിയാവുന്നതിനാൽ ഒന്നും കേൾക്കാത്ത മട്ടിലിരുന്നു.
അപ്പോൾ സ്വന്തം പേരക്കുട്ടിയായിട്ടും ചിന്നുവിനോടുള്ള അമ്മയുടെ സമീപനത്തെക്കുറിച്ചോർത്ത് മനസ്സിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.
സമയം മുന്നോട്ടു നീങ്ങുമ്പോൾ ഉത്കണ്ഠ തോന്നി. എങ്ങനെയെങ്കിലും ചിന്നു മോളെ എഴുന്നേൽപ്പിച്ച് ആഹാരം കഴിപ്പിക്കണം.
ഇന്ന് അതിരാവിലെ പ്രഭാതകൃത്യങ്ങൾ ചെയ്യിച്ച് കുളിപ്പിച്ചതുകൊണ്ട് ആ ജോലി തീർന്നു. സ്പെഷ്യൽ സ്കൂൾ ട്രെയിനിങ്ങിലൂടെ കൃത്യമായ ദിനചര്യകൾ അവൾക്ക് ശീലമായിത്തുടങ്ങിയിരിക്കുന്നു. എല്ലാം തനിയെ ചെയ്യാനും കുറേശ്ശേ പരിശീലിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാലും ഇപ്പോഴും തനിയെ കുളിക്കുവാനോ ആഹാരം കഴിക്കാനോ ഒന്നും പഠിച്ചിട്ടില്ല. അതിനൊക്കെ ഞാൻ തന്നെ വേണം.
സ്കൂളിൽ ആഹാരസമയം ആകുമ്പോൾ ഞാൻ അവളുടെ അടുത്തെത്താറുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിക്കുന്നതിനിടയ്ക്ക് അവൾക്കും വാരിക്കൊടുക്കും. എന്നിട്ട് ഒരു കൊച്ചു കുട്ടിയെപ്പോലെ കിടത്തി ഉറക്കുകയും കൂടി ചെയ്തിട്ടാണ് ഞാൻ മറ്റു കുട്ടികളുടെ അടുത്തേക്ക് പോകുന്നത്.
"അമ്മേ, ടാറ്റാ."
ഗേറ്റിങ്കൽനിന്നിരുന്ന മിന്നു,തനിക്ക് ടാറ്റാ പറഞ്ഞ്
സ്കൂൾ വാനിന് അടുത്തേക്ക് ഓടിക്കഴിഞ്ഞിരിക്കുന്നു. ആ പോക്ക് നോക്കി വാതിൽക്കൽ വേപഥുവോടെ നിന്നു .
പാവം കുട്ടി. അവൾക്ക് ഒന്നും ചെയ്തു കൊടുക്കാൻ തനിക്കാവുന്നില്ലല്ലോ എന്ന കുറ്റബോധം തന്നെ അറിയാതെ ചൂഴ്ന്നു .
(തുടരും)