ശ്വാസകോശ ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ മാർപാപ്പ ആദ്യമായി പൊതുവേദിയിലെത്തി
പി പി ചെറിയാൻ
വത്തിക്കാൻ :ശ്വാസകോശത്തിലെ അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ലിയോ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചതുക്കത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അദ്ദേഹം ഞായറാഴ്ച പ്രാർത്ഥനയിലൂടെ അഭിസംബോധന ചെയ്തു.
ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട മാർപാപ്പ, രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുമായി കൂടുതൽ മാനസിക അടുപ്പം തോന്നാൻ ഈ അനുഭവം കാരണമായെന്ന് വ്യക്തമാക്കി. ഡോക്ടർമാർക്കും തനിക്കായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും ദൈവസഹായത്തോടെ ഘട്ടംഘട്ടമായി തന്റെ ചുമതലകളിലേക്ക് തിരികെ പ്രവേശിക്കുമെന്നും 71 കാരനായ മാർപാപ്പ കൂട്ടിച്ചേർത്തു.
നവംബറിൽ നിശ്ചയിച്ചിട്ടുള്ള ലാറ്റിൻ അമേരിക്കൻ സന്ദർശനം ആരോഗ്യപരമായ പ്രശ്നങ്ങളില്ലാതെ നടത്താനാകുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.