ആത്മസംഭാഷണത്തിന്‍റെ ദേവദാരുക്കൾ: ബുക് റിവ്യൂ

Sep 22, 2026 - 17:48
Sep 22, 2026 - 17:50
 0  5
ആത്മസംഭാഷണത്തിന്‍റെ ദേവദാരുക്കൾ: ബുക് റിവ്യൂ


കെ. ആർ  മോഹൻദാസ് 

‘’…..കന്നകന്നുപോകുന്നവരുടെ വിങ്ങലുകൾ അവസാനിക്കുന്നില്ല! എത്ര നെഞ്ചോടടുക്കിപ്പിടിച്ചാലും ആ നിശ്വാസങ്ങളുടെ ചൂട് ഉള്ളു പൊള്ളിക്കും! പിന്തിരിഞ്ഞുപോകാൻ ആവില്ലെന്നറിഞ്ഞിട്ടും പിൻവിളികളുടെ പ്രലോഭനം ആത്മാവിനും അത്ര ശക്തമായിരിക്കാം! 

പ്രിയപ്പെട്ടവരുടെ കാതരമായ മിഴികൾ വേട്ടയാടുന്നുണ്ടാവാം! മക്കളുടെ, സഹോദരങ്ങളുടെ അനാഥത്വം മുറിവേല്പിക്കുന്നുണ്ടാകാം! കരയാൻ കണ്ണുകളില്ലെങ്കിലും ആത്മാവിൽ ചോരവാർന്നൊഴുകുന്നുണ്ടാവാം! ഇനിയൊരിക്കലും കാണില്ലെന്ന്, മിണ്ടില്ലെന്ന്, ഒന്നു തൊടാനോ, തലോടാനോ ആവില്ലെന്നു നിലവിളിക്കുന്നുണ്ടാകാം…..’’

ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കാഴ്ചവട്ടത്തിലെ വെളിച്ചത്തിനും ഇരുളിനുമപ്പുറം വർണ്ണങ്ങളേറെയുണ്ട്. സഞ്ചാരിയുടെ അന്വേഷണങ്ങളിൽ, ഉള്ളിലെ ഹിമശിഖരങ്ങളിൽ സൂര്യൻ പ്രസാദിക്കുകയും അഹന്തകൾ അസ്‌തമിക്കുകയും ചെയ്യുന്നു. 

ധവളദീപ്‌തമായ ഏകാന്തത. മഹാശൂന്യതപോലെ മഞ്ഞ്. മഞ്ഞിൽ സൂര്യപ്രഭ. ചാന്ദ്രപ്രകാശം. നക്ഷത്ര കാന്തിയുടെ ധ്വനിമേഖലകൾ. “മഞ്ഞ്, തിര, മാമല”
ഓർമ്മയുടെ നിറുകയില്‍ വിടരുന്ന അടയാളങ്ങള്‍. 

അഗാധമായ അർപ്പണബോധവും നിഷ്കളങ്കമായ ഹൃദയാര്‍ദ്രതയും  കൊണ്ട് അനുവാചകനെ വിസ്മയങ്ങളുടെ സരോവരത്തിലേക്ക് ഒരു പഞ്ചവർണ്ണത്തൂവൽ പോലെ ഒഴുക്കിക്കൊണ്ടുപോകുന്ന യാത്രാസ്മരണകളാണ് ഗിരിജ വാരിയരുടെ “മഞ്ഞ്, തിര, മാമല”. ഓരോ താളിലും ഒരു യാത്രികയുടെ കാൽപ്പാടുകൾ മാത്രമല്ല, പാതയോരങ്ങളില്‍ വീണുകിടന്ന ചില ഓർമ്മപ്പൂക്കളും കാണാം. അതിനിടയിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ദേവദാരുക്കളെപ്പോലെ ചില മനുഷ്യരും ചില നിമിഷങ്ങളും ചില അനുഭവങ്ങളും മനസ്സിൽ സുഗന്ധം പരത്തുന്നു.

ഓരോ യാത്രയും പുറംലോകത്തിലേക്കുള്ള സഞ്ചാരം മാത്രമല്ല; പലപ്പോഴും അത് ആത്മാവിലെ ഹിമശിഖരങ്ങളിലേക്കുള്ള തീർത്ഥാടനവുമാണ്. അവിടെ ജ്ഞാനസൂര്യൻ ഉദിക്കുമ്പോൾ അഹന്തകളുടെ മഞ്ഞുരുകുന്നു. മനസ്സിൽ കെട്ടിക്കിടന്നിരുന്ന പല ചോദ്യങ്ങൾക്കും പ്രകൃതി തന്നെ നിശ്ശബ്ദമായ ഉത്തരങ്ങളാകുന്നു.

യാത്രയുടെ ഓരോ വളവിലും തിരിവിലും പ്രകൃതി യാത്രികനൊട് നിശബ്ദമായി ചിലതൊക്കെ  പറയുന്നുണ്ട്. മഞ്ഞുപുതച്ച മലനിരകളായി, കടല്‍ തിരകളായി, പരദേശിയുടെ  കണ്ണുകളിലെ വിലോലവിഹ്വല നിശ്ശബ്ദതയായി.
അങ്ങനെയാണ് ഒരോ യാത്രയും ആത്മസംഭാഷണമാവുന്നത്.

കശ്മീരിലെ ജാലിയൻവാലാബാഗും, കാശിയിലെ ആരതിയും, ഗോവയിലെ പള്ളികളും, മലേഷ്യയിലെ ക്ഷേത്രങ്ങളും—വ്യത്യസ്ത ഭൂമികകളിൽ വിരിഞ്ഞുനിൽക്കുന്ന ഈ കാഴ്ചകൾ ഒടുവിൽ ഒരൊറ്റ മഹാസംഗമമായി മാറുന്നു. ഹിമധവളിമയിൽ സ്വപ്നംപോലെ കാശ്മീർ; ചരിത്രത്തിന്‍റെ ഉണങ്ങാത്ത രക്തമുറിവുകൾ ഇന്നും നെഞ്ചിലേറ്റുന്ന ജാലിയൻവാലാബാഗ്; ഗംഗയുടെ ഹൃദയവിരിമാറിലൂടെ ഒഴുകിനീങ്ങുന്ന ആരതിപ്പൂക്കൾ; തർപ്പണത്തിന്‍റെ നിശ്ശബ്ദതയിൽ അലിഞ്ഞുചേരുന്ന മനുഷ്യജീവിതത്തിന്‍റെ നിസ്സഹായത—ഇവയെല്ലാം എഴുത്തുകാരിയുടെ അനുഭവത്തിൽ കാഴ്ചകളായി മാത്രം നിൽക്കുന്നില്ല. അവ അനുഭവമാകുന്നു, പ്രകാശമാകുന്നു, ഒടുവിൽ മഹാധ്യാനത്തിന്‍റെ ശംഖൊലിയായി ഉള്ളിൽ മുഴങ്ങുന്നു.

“തിര” ഗോവയുടെ കടൽക്കാറ്റിൽ ഒഴുകിയെത്തുന്ന വർണ്ണത്തൂവലുകളാണ്. ഏതോ ഒരു ഓണക്കാലത്ത് പനാജിയുടെ നിറംമങ്ങിയ തെരുവുകളിലൂടെ നടന്നുപോകുന്ന സഞ്ചാരി. ബോം ജീസസ് ബസിലിക്കയുടെ നിശ്ശബ്ദ ധ്യാനങ്ങളിൽ നിൽക്കുന്ന നിമിഷങ്ങൾ. ഗോകർണ്ണത്തിന്‍റെയും മുരുഡേശ്വറിന്‍റെയും കടൽത്തീരങ്ങളിൽ തിരകളോടൊപ്പം അലിഞ്ഞുപോകുന്ന മനസ്സ്. കടലിന്‍റെ ഉപ്പുമണം കലർന്ന കാറ്റിലും, പഴയ പള്ളികളുടെ നിശ്ശബ്ദതയിലും, തീരദേശത്തിന്‍റെ അനന്തമായ നീലിമയിലും എഴുത്തുകാരി കണ്ടെത്തുന്നത് ഭൂമിശാസ്ത്രമല്ല; മനുഷ്യന്‍റെ ഉള്ളിലെ അദൃശ്യമായ തീരങ്ങളാണ്. “മാമല” എഴുത്തുകാരിയുടെ ആകാശവിസ്മയമാണ്. 

“മഞ്ഞ്, തിര, മാമല” അത്തരമൊരു യാത്രയുടെ പുസ്തകമാണ്—കണ്ണുകൾ കണ്ട കാഴ്ചകളേക്കാൾ ഹൃദയം കണ്ട മനുഷ്യരുടെയും നിമിഷങ്ങളുടെയും പുസ്തകം. പുറംലോകത്തിന്‍റെ വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ സ്വന്തം ആത്മാവിന്‍റെ വാതിൽക്കൽ എത്തിനിൽക്കുന്ന ഒരു എഴുത്തുകാരിയുടെ ആത്മസംഭാഷണം.

“മഞ്ഞ്, തിര, മാമല” വായിച്ചു തീരുമ്പോൾ പുസ്തകം അടയുന്നില്ല. ഓർമ്മകളുടെ മലമുകളിൽ ഒരു ദേവദാരു ഒറ്റയ്ക്ക് നിൽക്കുന്നു. അതെ യാത്രകൾ അവസാനിക്കുന്നില്ല; അവ ഓർമ്മകളായി നിറയുന്നു.