കോയമ്പത്തൂരിൽ മലയാളികൾക്കെതിരേ ആക്രമണം; 4 പേർ അറസ്റ്റിൽ

കോയമ്പത്തൂരിൽ മലയാളികൾക്കെതിരേ ആക്രമണം; 4 പേർ അറസ്റ്റിൽ

കോയമ്പത്തൂരിൽ മലയാളികൾക്കെതിരേ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം. സംഭവവുമായി ബന്ധപ്പട്ട് സൈനികൻ ഉൾപ്പെടെ നാലു പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ്, രമേഷ് ബാബു, വിഷ്ണു, അജയ് കുമാർ എന്നിവരെയാണ് മധുക്കര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയായ വിഷ്ണു മദ്രാസ് രജിമെന്‍റിൽ സൈനികനാണ്.

എറണാകുളം-പട്ടിമറ്റം സ്വദേശികളായ യുവാക്കളുടെ കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ബംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങി മടങ്ങുകയായിരുന്നു യുവാക്കൾ. കൊച്ചി-സേലം ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കോയമ്പത്തൂരിനടുത്ത് സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ് മൂന്നു കാറുകളിലായെത്തിയ സംഘം ആക്രമിച്ചത്. ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയ അക്രമികൾ കാർ അടിച്ചു തകർത്തു.

പെട്ടെന്ന് കാർ മുന്നോട്ടെടുത്താണ് യുവാക്കൾ രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചുവെന്നും നാട്ടിലെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ മോശം അനുഭവമാണുണ്ടായതെന്നും യുവാക്കൾ പറയുന്നു.