കണ്ണൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Dec 14, 2025 - 11:44
 0  9
കണ്ണൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയായിരുന്നു സിപിഎം പ്രവർത്തകർ വടിവാളുമായി അക്രമം അഴിച്ചുവിട്ടത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കണ്ണൂർ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവ‍ർത്തകരുടെ വടിവാൾ പ്രകടനം. യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി. ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.