ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

Oct 8, 2026 - 19:18
 0  5
ഇന്ധന സർചാർജ് കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
വിമാന ഇന്ധനമായ എടിഎഫിന്റെ വില നിരന്തരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആഭ്യന്തര, തിരഞ്ഞെടുത്ത അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർധിപ്പിക്കുന്നതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചു. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ആഗോള ഊർജ്ജ വിപണിയിലെ സമ്മർദ്ദവും കാരണം കഴിഞ്ഞിടെ എടിഎഫ് വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകൾ പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചതായി എയർലൈനുകൾ വ്യക്തമാക്കി.
പരിഷ്കരിച്ച ആഭ്യന്തര വൺ-വേ സർചാർജ് പ്രകാരം, 500 കിലോമീറ്റർ വരെയുള്ള വിമാന യാത്രകൾക്ക് 400 രൂപയും, 501 മുതൽ 1,000 കിലോമീറ്റർ വരെ 600 രൂപയും, 1,001 മുതൽ 1,500 കിലോമീറ്റർ വരെ 850 രൂപയും, 1,501 മുതൽ 2,000 കിലോമീറ്റർ വരെയും അതിനുമുകളിലുമുള്ള യാത്രകൾക്ക് 1,200 രൂപയും യാത്രക്കാർ നൽകേണ്ടി വരും.
ഒക്ടോബർ 6 മുതൽ ഇൻഡിഗോ തങ്ങളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് എയർ ഇന്ത്യയുടെയും തീരുമാനം വന്നിരിക്കുന്നത്. ദൂരത്തിനനുസരിച്ച് ആഭ്യന്തര ഇന്ധന നിരക്ക് 100 രൂപ വരെ കൂട്ടി ഇൻഡിഗോ 350 രൂപയാക്കിയിരുന്നു. അതോടെ മൊത്തം സർചാർജ് 375 രൂപയ്ക്കും 1,300 രൂപയ്ക്കും ഇടയിലായി മാറി. സാർക്ക്  രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് 1,000 രൂപയും യൂറോപ്പിലേക്ക് 10,000 രൂപ വരെയുമാണ് ഇൻഡിഗോയുടെ അന്താരാഷ്ട്ര സർചാർജ്. എടിഎഫ് വിലയിൽ മാസാവസ്ഥയിൽ 14 ശതമാനത്തിലധികം വർദ്ധനവുണ്ടായെന്നാണ് ഇൻഡിഗോ ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്.