സ്കൂളിൽ ചുരിദാർ ധരിക്കരുതെന്ന മാനേജരുടെ നിർദേശത്തിനെതിരെ ഹെഡ്‌മിസ്ട്രസ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ്. ഏത് വസ്ത്രം ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദേശം നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചുരിദാർ ധരിച്ച് സ്‌കൂളിൽ എത്തരുതെന്ന കൊല്ലം നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്‌കൂൾ മാനേജരുടെ നിർദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇഷ്ടവസ്ത്രം മൗലികാവകാശമാണ്. മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ്സ് നിശ്ചയിക്കുന്നതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഹർജിക്കാരിയെ മാനേജർ തടസപ്പെടുത്തിയാൽ സംരക്ഷണം നൽകാൻ കൊട്ടാരക്കര എസ്എച്ച്ഒയ്ക്ക് കോടതി നിർദേശം നൽകി.
മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ട അധികാരിക്ക് തീരുമാനമെടുക്കാം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ പ്രകാരം അധ്യാപകർക്ക് സ്കൂളിൽ ചുരിദാർ ധരിക്കാൻ അനുമതിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.