പരിസ്ഥിതി ലോല കരട് വിജ്ഞാപനം: കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്
ഇടുക്കി: കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീരുമേട് ഡെവലപ്‌മെൻ്റ് സൊസൈറ്റിയുടെ സുഗന്ധ വ്യഞ്ജനങ്ങളുടെ സെക്കന്‍ഡറി പ്രോസസിംഗ് യൂണിറ്റും മരിയാപുരം എവര്‍ഗ്രീന്‍ കാര്‍ഡമം ഡ്രയേഴ്‌സ് ആന്‍ഡ് സ്‌പൈസസിൻ്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ ദേശീയ-അന്തര്‍ദേശീയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉല്‍പ്പാദനം മാത്രമല്ല, ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയും കാര്‍ഷിക മേഖലയിലെ പ്രധാന ഘടകങ്ങളാണ്. ഗ്രാമീണ മേഖലയിലെ കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കേഷനും ബ്രാന്‍ഡിംഗും ഉറപ്പാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആറുമാസത്തിനകം കൃഷിവകുപ്പിൻ്റെ നേതൃത്വത്തില്‍ കേരളത്തില്‍ അന്താരാഷ്ട്ര എക്‌സ്‌പോര്‍ട്ട് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.