ഉദയനിധി സ്റ്റാലിനെ വിട്ടയയ്ക്കും; സ്‌റ്റേഷൻ ജാമ്യം അനുവദിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശം
ചെന്നൈ: തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും പ്രശസ്‌ത തമിഴ് നടി തൃഷക്കെതിരെയും ലൈംഗികാധിക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന് ആശ്വാസം. ചോദ്യം ചെയ്യലിന് ശേഷം ഉദയനിധിയെ ഇന്ന് തന്നെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ തമിഴ്‌നാട് പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകി.
ഉദയനിധിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്ന് തമിഴ്‌നാട് അഡ്വക്കറ്റ് ജനറൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ കോടതി ഉദയനിധിയോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കവെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. തമിഴക വെട്രി കഴകത്തിന്‍റെയും ദേശീയ വനിതാ കമ്മിഷന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ഇന്ന് രാവിലെ 11 മണിയോടെ ചെന്നൈ നീലാങ്കരൈയിലെ വസതിയിൽ എത്തിയ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് വീട്ടിലെത്തിയതിന് പിന്നാലെ ഉദയനിധിയുടെ അഭിഭാഷകർ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തുടർന്ന് കേസ് പരിഗണിച്ച കോടതി, ഉദയനിധിയെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് നീലാങ്കരൈയിലെ വസതിക്ക് മുന്നിൽ വൻതോതിൽ ഡിഎംകെ പ്രവർത്തകർ തടിച്ചുകൂടിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.