പശ്ചിമ ബംഗാളിലെ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 15 ആയി

പശ്ചിമ ബംഗാളിലെ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 15 ആയി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി.

അറുപതോളം പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസ് ന്യൂ ജല്‍പായ്‌ഗുഡിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും അപകടത്തില്‍ മരിച്ചവരിലുള്‍പ്പെടുന്നു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി  10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും. സാരമല്ലാത്ത പരിക്കുള്ളവർക്ക് 50000 രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു