സംസ്‌കൃത പണ്ഡിതന്‍ രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം

സംസ്‌കൃത പണ്ഡിതന്‍ രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും ജ്ഞാനപീഠം

ന്യൂഡല്‍ഹി: 2023ലെ ജ്ഞാനപീഠം സംസ്‌കൃത പണ്ഡിതന്‍ ജഗദ്ഗുരു രാമഭദ്രാചാര്യയും പ്രശസ്ത ഉറുദു കവി ഗുല്‍സാറും പങ്കിട്ടു. സാഹിത്യവും സംഗീതവും ആത്മീയതയും സംഗമിച്ച ഒരു ജ്ഞാനപീഠമാണ് ഇത്തവണത്തേത്. ഹിന്ദി സിനിമാ ഗാനങ്ങളിലൂടെ പ്രശസ്തനായ ഗുല്‍സാറിന് 2002 ല്‍ ഉര്‍ദു സാഹിത്യ അക്കാഡമി അവാര്‍ഡ്, 2013ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004ല്‍ പത്മഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉര്‍ദു കവികളില്‍ ഒരാളായാണ് ഗുല്‍സാറിനെ കണക്കാക്കപ്പെടുന്നത്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ചിത്രകൂട് ആസ്ഥാനമായുള്ള തുളസീപീഠം സ്ഥാപകനും ഹൈന്ദവാചാര്യനുമാണ് രാമഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100ല്‍ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്. സംസ്‌കൃത അദ്ധ്യാപകന്‍, വേദ പണ്ഡിതന്‍ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്‌കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

തുളസീദാസിന്റെ രാമചരിതമാനസം, ഹനുമാന്‍ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങള്‍, അഷ്ടാദ്ധ്യായിയുടെ സംസ്‌കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്‌കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്. സംസ്‌കൃതവ്യാകരണം, ന്യായം, വേദാന്തം  മേഖലകളില്‍ പാണ്ഡിത്യമുള്ളയാളാണ് രാമഭദ്രാചാര്യ.