ദുൽഖർ സൽമാന്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു
ദുൽഖർ സൽമാൻ ഉപയോഗിച്ചിരുന്ന മറ്റൊരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തുന്നതിനെതിരായ ‘ഓപ്പറേഷൻ നുംഖോർ’ നടപടിയുടെ ഭാഗമായാണ് നടപടി. ദുൽഖർ നായകനായ ‘ലക്കി ഭാസ്‌കർ’ സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.
കൊച്ചി കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസ് ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാൻ–നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നതാകാമെന്ന സംശയത്തെ തുടർന്നാണ് പരിശോധനയും പിടിച്ചെടുപ്പും നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.
ഇതിന് മുൻപ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ ദുൽഖറിന് ഹൈക്കോടതി നിർദേശപ്രകാരം കസ്റ്റംസ് തിരികെ നൽകിയിരുന്നു. ബോണ്ടും 20 ശതമാനം ബാങ്ക് ഗ്യാരന്റിയും സമർപ്പിച്ച ശേഷമാണ് വാഹനം വിട്ടുനൽകിയത്. കേസിന്റെ അന്തിമ തീർപ്പാകുന്നത് വരെ വാഹനം ഉപയോഗിക്കരുതെന്ന നിബന്ധനയും നിലവിലുണ്ട്.