മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍
ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സിന്റെ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം കോടിരൂപ) ഗൗതം അദാനി ലോകത്തെ 19-ാമത്തെ വലിയ സമ്പന്നനാണ്. 9,080 കോടി ഡോളറിന്റെ ആസ്തിയുള്ള (ഏകദേശം 8.42 ലക്ഷം കോടി രൂപ) മുകേഷ് അംബാനി ഇരുപതാം സ്ഥാനത്തുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പട്ടികയിലെ ക്രമത്തില്‍ മാറ്റമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ പത്തുകമ്പനികളെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിവില കഴിഞ്ഞ മാസങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, എണ്ണവിപണിയിലെ അനിശ്ചിതത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില കുത്തനെ ഇടിഞ്ഞത് മുകേഷ് അംബാനിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ആദ്യ 50 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയും മാത്രമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനിയുടെ ആസ്തിയില്‍ 810 കോടി ഡോളറിന്റെ വര്‍ധനയുണ്ടായപ്പോള്‍, അദാനിക്ക് 1690 കോടി ഡോളറിന്റെ നഷ്ടമുണ്ടായി.
പട്ടികയില്‍ ഒന്നാമതുള്ള ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ബഹുദൂരം മുന്നിലാണ്. 65,600 കോടി ഡോളറാണ് (60.84 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.