നഗരം തിരക്കിൽ നിന്നും തീപിടിച്ച തിരക്കിലേക്ക് എടുത്തുചാടിയ ഒരു വൈകുന്നേരം...നിരാശയും വേദനയും ഉള്ളിലൊതുക്കി ഷോപ്പിംഗ് മാളിലൂടെ നന്ദേട്ടനൊപ്പം ട്രോളിയുമായി മുന്നോട്ടു നടന്നു വരദ.
മാളൂനേറെ പ്രിയപ്പെട്ട ചോക്ലേറ്റും ഐസ്ക്രീംമും കണ്ടപ്പോൾ സാരിത്തുമ്പുയർത്തി കണ്ണുതുടച്ചു..
"നീയിങ്ങനെ ഇമോഷണലാവരുത് വരദേ.. മാളൂന് വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവാതെയിരിക്കാനല്ലേ ഡോക്ടർ ഇത്രയും നിയന്ത്രണമൊക്കെ പറഞ്ഞത്.." നന്ദേട്ടൻ വരദയെ ആശ്വസിപ്പിച്ചു.
മറുപടിയൊന്നും പറയാതെ വരദ മുന്നോട്ടുനടന്നു.
ഫ്രൂട്സെടുക്കാൻ പോയനേരത്താണ് ട്രോളിയിൽ ഷോപ്പിംഗ് മാൾ ഒന്നാകെ നിറച്ച നിമ്മിയെ കണ്ടത്..എല്ലായ്പ്പോഴുമെന്നപോലെ നിമ്മിയ്ക്ക്ചുറ്റും പൊങ്ങച്ചബൾബ് പ്രകാശിച്ചു.
മകളുടെ സ്കൂളിൽനിന്നും ടൂർപോകുന്ന വിവരം, ഫ്ലൈറ്റ് ചിലവുൾപ്പടെ സെവന്റിഫൈവ് തൗസൻഡ് ആണെന്ന് പറഞ്ഞു തീർന്നപ്പോഴാണ് നിമ്മിയ്ക്ക് സമാധാനമയത്.
" മാളൂന് ഇനി സ്കൂളിൽ വരാനോ പഠിക്കാനോ മറ്റോ കഴിയുമോ? " അതോ ഇനി എന്നും കിടപ്പുരോഗിയായി കഴിയേണ്ടി വരുമോ?.. വരദയുടെ കഷ്ടകാലം"...
മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത സംസാരം..
അതും കൈക്കുമ്പിളിൽ നിന്നും ജീവിതം ചോർന്നുപോകുന്ന അവസ്ഥയിൽ നിൽക്കുന്ന തന്നോട്..
ജീവിതത്തിന്റെ ഓരോ വളവിലും നിന്ന് തന്നെ പരിഹസിക്കുകയും കുത്തിനോവിക്കുകയും ചെയ്യുക അവൾക്കിപ്പോൾ ശീലമായിരിക്കുന്നു.
മുറിവുകളെ തലോടാനും സാന്ത്വനവാക്കുകൾ പറയാനും നിമ്മിയ്ക്കെന്നെങ്കിലും കഴിയുമോ എന്നോർത്തുപോയി.
ട്രോളിയുമായി വീണ്ടും മുന്നോട്ടു നടന്നു.
ചായപ്പൊടി പാക്കറ്റെടുത്തു തിരിഞ്ഞപ്പോൾ, നെഞ്ചിലെ നിശബ്ദമായ വിങ്ങലിൽ തൊട്ടുവിളിക്കാനെന്ന പോലെ ഒരു പിഞ്ചുകരം തന്റെ മുടിമേൽ തൊട്ടതറിഞ്ഞു..
ഒരു തളിർപുഞ്ചിരിയും ചിണുങ്ങലും.. "അയ്യോ മോൾ ആന്റിടെ മുടിയിൽ വള കുരുക്കിയല്ലോ.
കുഞ്ഞിന്റെ അമ്മ മെല്ലെ ആ കുരുക്കെടുത്തു വരദയെ നോക്കിചിരിച്ചു. വലിയ കണ്ണുകളും ചുരുണ്ടമുടിയുമുള്ള കുഞ്ഞുമിടുക്കിയുടെ കവിളിൽ വാത്സല്യത്തോടെ തലോടി ആ പിഞ്ചുകൈയ്യിൽ ഒരുമ്മകൊടുത്തു മുന്നോട്ടു നീങ്ങിയപ്പോൾ വരദയോർത്തു.. 'ഒരു നിഷ്കളങ്കമായ പുഞ്ചിരി ജീവിതത്തിന്റെ കഠിനമായ നോവുകൾക്കിടയിൽ അമൃത് നുണയും പോലെയാണ്.'.
'കൊള്ളിവാക്കാവട്ടെ മൂർച്ചയുള്ള വാൾത്തലപ്പിനെക്കാൾ ആഴത്തിൽ മുറിവുണ്ടാക്കുകയും ചെയ്യും .
ഷോപ്പിംഗ് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മാളു അച്ഛമ്മയുടെ മടിയിൽ തലവച്ചു കിടന്നുറക്കമായിരുന്നു.
"മോളൊന്നും കഴിച്ചില്ല. വിശപ്പില്ലെന്നു പറഞ്ഞു'.
മോളെയെടുത്തു ബെഡിൽ കിടത്തിയപ്പോൾ അവളുണർന്നു.
അമ്മേ എന്നാണിനി മാളൂന് ചോക്ലേറ്റ് കഴിക്കാൻ കഴിയുക?
കുറച്ചുനാൾകൂടി കഴിയട്ടെ മാളൂട്ടി..
അവളുടെ നെറ്റിമേൽ ഒരുമ്മ നൽകി വരദ പറഞ്ഞു.
" എത്രയുംവേഗം ഒരു ഡോണറെ കിട്ടിയാൽ മോളുടെ ജീവിതം സാധാരണ നിലയിലാവില്ലേ നന്ദേട്ടാ.".
ഭക്ഷണം വിളമ്പുന്ന നേരത്തു വരദ ചോദിച്ചു.
"താൻ സമാധാനായിരിക്കൂ.
ദൈവമുണ്ടാവും നമ്മുടെ കൂടേ."
ഓരോ രാത്രിയും പ്രാർത്ഥനകൾക്കായി മാറ്റിവച്ചിട്ടു മാസങ്ങളായിരുന്നു.
ട്രാൻസ്പ്ലാന്റ് ടീമിന്റെ നിർദേശപ്രകാരം പ്രത്യേക ചികിത്സയിലൂടെ പുതിയൊരു കിഡ്നി സ്വീകരിക്കാവുന്ന നിലയിലേക്ക് മോളുടെ ശരീരം പാകപ്പെട്ടിരുന്നു.
ഉറക്കംവരാത്ത കൺപോളകളോടെ വരദ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മരുന്നും പ്രാർത്ഥനയുമായി ഒരാഴ്ച കടന്നുപോയി.
ഒരു ഡോണറുണ്ടെന്നും ഉടനെ അഡ്മിറ്റാവണമെന്നും ആശുപത്രിയിൽ നിന്ന് കോൾ വന്നതും പരിഭ്രമമോ, സന്തോഷമോ എന്തെന്നറിയാതെ നെഞ്ച് പിടച്ചു. ഒട്ടും വൈകാതെ ആശുപത്രിയിലെത്തി.
ആശുപത്രിയിൽ സർജിക്കൽ വാർഡിന് വെളിയിൽ വച്ച് അവിചാരിതമായി നിമ്മിയെ കണ്ടു
മോളിന്നലെ ഒന്നു വീണു. കാലിന് ഫ്രാക്ചർ ആയി. സർജറി വേണം..
നിമ്മിയുടെ കണ്ണിൽ നിന്നും കണ്ണീരിറ്റു വീണപ്പോൾ
സഹാനുഭൂതിയോടെ തോളിൽ തട്ടി ആശ്വാസവാക്കുപറഞ്ഞ വരദ മോളുമൊത്ത് നെഫ്രോളജിസ്റ്റനെ കാണാൻ പോയി.
ട്രാൻസ്പ്ലാന്റെഷൻ ടീം ഉടനെ തന്നെ മോളെ പരിശോധനാമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അപ്രതീക്ഷിതമായ മസ്തിഷ്കമരണം സംഭവിച്ച ഒരു വയസ്സുകാരിയുടെയും അവളുടെ അമ്മയുടെയും ചിത്രങ്ങൾ സീനിയർ സർജന്റെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ വരദ നടുങ്ങിപ്പോയി..... തന്റെ മുടിയിഴകളിൽതൊട്ടു കുലുങ്ങിചിരിച്ച പിഞ്ചിളംപൈതൽ.... ഈശ്വരാ ഇതെങ്ങനെ.. കുഞ്ഞേ നീയന്നേയറിഞ്ഞോ നിന്റെ ശരീരത്തിന്റെ തുടിപ്പാണ് മാളുവിന് ലഭിക്കാൻ പോകുന്നതെന്ന്....
ചുടുകണ്ണീരും, പ്രാർത്ഥനയും, വരദയുടെ മിഴികളിൽ നിന്നൊരുമിച്ചടർന്നു...
നന്ദേട്ടന്റെ നെഞ്ചിൽചാരി നിന്നപ്പോഴും പിഞ്ചുവിരലുകളും ഒരു കൈവളയും തന്റെ മുടിയിഴകളിൽ കൊരുത്തു കിടന്നു യാത്രാമൊഴി ചൊല്ലിയത് പോലെ...