അധ്യായം 1
സിറ്റൗട്ടിൽ, എന്തോ ഒന്നിൽ മാത്രം ദൃഷ്ടി ഊന്നി അനക്കമില്ലാതെ ഇരിക്കുന്ന ചിന്നുവിനെ കണ്ടാണ് അവളുടെ സമീപം ചെന്നത്.എന്നാൽ അടുത്തു ചെന്നിരുന്നിട്ടും അവൾ എന്റെ സാമീപ്യം അറിഞ്ഞില്ലെന്ന് തോന്നി.
അവളുടെ കണ്ണുകൾപൂന്തോട്ടത്തിൽ പാറിപ്പറക്കുന്ന ചിത്രശലഭങ്ങളിലായിരുന്നു
മാനത്ത് പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ ചിന്നുവിന് എന്നും കൗതുകമായിരുന്നല്ലോ എന്നോർത്തു.
പെട്ടെന്നാണ് അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റത്. പൂക്കൾ തോറും പാറിനടക്കുന്ന മറ്റൊരു വർണ്ണശലഭം പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ അവയ്ക്കു പുറകെ പാഞ്ഞു.
അതുകണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷവും ഒപ്പം ഭയവും തോന്നി. ശ്രദ്ധയില്ലാതെ അവൾ എവിടെയെങ്കിലും തട്ടിത്തടഞ്ഞു വീണാലോ എന്നാണ് താൻ ഭയന്നത്.
പ്രായത്തിനേക്കാൾ വളർച്ചയുണ്ട് അവൾക്ക്. എങ്കിലും മനസ്സുകൊണ്ട് അവൾ ഇപ്പോഴും ഒരു ശിശുമാത്രമാണ്. മുതിർന്നവരുടെ സംരക്ഷണം വേണ്ടുന്ന ഒരു ശിശു.അതോർക്കുമ്പോൾ ഉള്ളിൽ ഉണരുന്നത് ഉത്കണ്ഠ മാത്രം.
മുറിക്കുള്ളിൽ നിന്നും അച്ഛമ്മ അവളുടെ നേർക്ക് ഉറക്കെ ശകാരവർഷം ചൊരിയുന്നത് കേൾക്കാമായിരുന്നു.
"അശ്രീകരം, എന്റെ വെറ്റിലച്ചെല്ലം പൊട്ടിച്ചു കളഞ്ഞു. ബുദ്ധിയില്ലെങ്കിലെന്താ, കുറുമ്പിനൊരു കുറവുമില്ല. അവൾ ഇങ്ങോട്ടു വരട്ടെ. ഞാൻ നല്ലത് കൊടുക്കുന്നുണ്ട്."
ചിന്നു അത് കേട്ടതായി തോന്നിയെങ്കിലും അവളിൽ ഭാവമാറ്റമൊന്നും ഉണ്ടായില്ല. എല്ലാം മറന്ന് അവൾ ചിത്രശലഭങ്ങൾക്ക് പുറകെയുള്ള ഓട്ടത്തിലാണ്.
വര : ശുഭ
ഓടിയതിന്റെ ക്ഷീണത്തിൽ അവൾ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. ശ്വാസം കിട്ടാതെ അണച്ചുകൊണ്ട് അവൾ എന്നെ നോക്കി ചില വികൃതശബ്ദങ്ങൾ പുറപ്പെടുവിച്ചു. അവളെ ചേർത്തുപിടിച്ച് സിറ്റൗട്ടിൽ കൊണ്ടുവന്നിരുത്തി, പതുക്കെ പുറവും നെഞ്ചും തടവിക്കൊടുത്തു.
ഞങ്ങളുടെ സമീപം അപ്പോൾ അവളുടെ അനുജത്തി മിന്നുവുമുണ്ടായിരുന്നു. ചിന്നു അടുത്തു വന്നിരുന്നപ്പോൾ ഭീഷണിയുടെ സ്വരത്തിൽ അവൾ പറഞ്ഞു.
"ചിന്നു, അച്ഛമ്മയുടെ വെറ്റിലച്ചെല്ലം പൊട്ടിച്ചു കളഞ്ഞു അല്ലേ. അച്ഛമ്മ ചിന്നുവിനെ തല്ലാൻ വടി എടുത്തു വച്ചിരിക്കുകയാ."
ഏഴുവയസ്സുള്ള മിന്നു അവളെ ചേച്ചി എന്നു വിളിക്കാറില്ല. ഈ വീട്ടിൽ അവളുടെ അമ്മയായ താനൊഴിച്ച് മറ്റാരും ചിന്നുവിനെ ഒരു മനുഷ്യജീവിയായിപ്പോലും പരിഗണിച്ചിരുന്നില്ല.
മിന്നുവിന്റെ വാക്കുകൾ ചിന്നു ശ്രദ്ധിക്കുന്നതായി തോന്നിയില്ല.അവളുടെ ദൃഷ്ടികൾ അപ്പോഴും പൂന്തോട്ടത്തിൽ തന്നെയായിരുന്നു.
"ഉം, അശ്രീകരം... ഇന്ന് ഞാൻ അവളെ ശരിയാക്കുന്നുണ്ട്."
വിറയാർന്ന ശബ്ദത്തിൽ അങ്ങനെ പറഞ്ഞുകൊണ്ട് അകത്തുനിന്നും അച്ഛമ്മ വടിയുമായി അവളുടെ മുന്നിലെത്തി. തടിയും പ്രായാധിക്യവും കാരണം പതുക്കെയാണ് അവർ നടന്നിരുന്നത്.
ഒരു വടിയുമായി അച്ഛമ്മ നടന്നടുക്കുന്നതു കണ്ടിട്ടും ചിന്നുവിൽ ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല. എന്താണ് തനിക്ക് സംഭവിക്കാൻ പോകുന്നതെന്നറിയാതെ നിഷ്ക്കളങ്കതയോടെ അവൾ ചിത്രശലഭത്തിൽത്തന്നെ മിഴികൾ ഊന്നിഇരുന്നു.
സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കാനുള്ള അവളുടെ കഴിവുകേടിനെക്കുറിച്ച് ഞാനപ്പോൾ ചിന്താകുലയായി.
പാവം എന്റെ കുട്ടി!. അവളുടെതലച്ചോറിലെ ചിലവൈകല്യങ്ങളാണല്ലോ എല്ലാറ്റിനും കാരണം എന്നോർത്തു.
ചിന്നുവിന്റെ അടുത്തെത്തിയ അച്ഛമ്മ അവൾക്കു നേരേ വടി ഓങ്ങുന്നതു കണ്ട് ഞാൻ എഴുന്നേറ്റ് അവർക്കിടയിൽ നിന്നു. വടിയിൽ നിന്നുള്ള അടി ഇടയിൽ നിന്ന എന്റെ കാലിൽ പതിച്ചു. നല്ലതുപോലെ വേദനിച്ചു , എങ്കിലും ചിന്നുവിനെ അവിടെ നിന്ന് പിടിച്ചു മാറ്റി മുറിയിലേക്ക് കൊണ്ടുപോകാനാണ് ഞാൻ ശ്രമിച്ചത്.
അവിടെ നിന്നും പോരുവാൻ ഇഷ്ടമില്ലാത്തതുപോലെ അവൾ പ്രതിഷേധശബ്ദം പുറപ്പെടുവിച്ചുകൊണ്ട് എന്നെ കടിക്കുവാനും മാന്തുവാനും തുടങ്ങി. അതൊന്നും കാര്യമാക്കാതെ അവളെ ചേർത്തുപിടിച്ച് നിർബന്ധപൂർവ്വം മുറിയിലെത്തിച്ചു.
"നീ അവളോട് വഴക്കിടാൻ നോക്കാതെ സ്കൂളിൽ പോകാൻ നോക്ക് മിന്നു"
എന്ന് പുറകേ എത്തിയ മിന്നുവിനെ പോകുന്ന വഴിയിൽ ശകാരിക്കാനും മറന്നില്ല.
ചിന്നുവിനെ പ്രകോപിപ്പിക്കുന്നതിൽ അവൾ ഒരു പ്രത്യേക സന്തോഷം കണ്ടെത്തിയിരുന്നു. അതൊഴിവാക്കാൻ വേണ്ടിയാണ് അവളെ വഴക്കുപറഞ്ഞത്.
മുറിയിൽ ചിന്നു വരക്കാറുള്ള കടലാസ്സുകളും ചായപ്പെൻസിലുകളും മേശപ്പുറത്ത് ചിതറിക്കിടന്നിരുന്നു. അതിലൊന്നെടുത്ത് അവളുടെ കയ്യിൽ പിടിപ്പിച്ചു. അതോടെ ചിന്നു ശാന്തയായി.
ബുദ്ധി വളർച്ചയില്ലെങ്കിലും ചില കാര്യങ്ങളിൽ മറ്റുകുട്ടികളേക്കാൾ അവൾക്ക് കഴിവുണ്ട്. അതിലൊന്നാണ് ചിത്രം വര. ഒരുവിധം നന്നായി വരക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.
പതിവുപോലെ അവൾ ചിത്രം വരയിൽ മുഴുകി. ഒരു ചിത്രശലഭവും അതിന്റെ പിറകേ പായുന്ന പെൺകുട്ടിയുമാണ് അവൾ വരക്കുന്നത് എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി.
അകത്തെത്തിയ ഉടനെ രാജീവേട്ടന്റെ അമ്മ ചിന്നുവിനെ രൂക്ഷമായി നോക്കി. കോപംകൊണ്ട് വിറച്ച് അവർ പറഞ്ഞു:
"ഹും, കണ്ടില്ലേ... കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി വച്ചിരിക്കുകയാ അതിനെ. അതുകൊണ്ടെന്താ... കാണിക്കുന്നത് മുഴുവൻ അക്രമാ. കണ്ടില്ലേ, വല്ല കൂസലും അവൾക്ക് ഉണ്ടോ എന്ന് നോക്കിയേ."
പ്രതികരണമില്ലാതെ ഇരിക്കുന്ന ചിന്നുവിന്റെ നേർക്ക് അവർ വീണ്ടും വടി ഓങ്ങിക്കൊണ്ട് ചെന്നു.
അതുകണ്ട് ചിന്നുവിനെ പുറകിൽ ഒളിപ്പിച്ച് വേദനയോടെ പറഞ്ഞു:
"അവൾ ബുദ്ധിവൈകല്യമുള്ള കുട്ടിയാണ് എന്ന് അമ്മയ്ക്ക് അറിയില്ലേ? നമ്മൾ ആവർത്തിച്ചു പറയുന്ന കാര്യങ്ങൾ മാത്രമേ അവൾക്ക് മനസ്സിലാവുകയുള്ളൂ. അവളോട് ദേഷ്യപ്പെട്ട് ഇത്രയും കാര്യങ്ങൾ പറഞ്ഞാലൊന്നും അവൾക്ക് മനസ്സിലാവില്ല."
എന്റെ വാക്കുകൾ അവരെ കൂടുതൽ പ്രകോപിത ആക്കിയതേയുള്ളൂ.
"ഹും... അവൾ എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു. ബുദ്ധി ഇല്ലാത്ത കുട്ടിയാണ് പോലും. പക്ഷേ കയ്യിലിരിപ്പിന് ഒരു കുറവുമില്ല. അവൻ ഇങ്ങു വന്നോട്ടെ, ഞാൻ എല്ലാം പറഞ്ഞു കൊടുത്ത് അവളെ ശരിയാക്കുന്നുണ്ട്."
അങ്ങനെ കോപത്തോടെ പറഞ്ഞ് അവർ തന്റെ മുറിയിലേക്ക് പോയി. അപ്പോൾ ഓർത്തു:
അച്ഛനെ കാണുമ്പോൾ ചിന്നുവിന്റെ കണ്ണിൽ ഭയം വിടരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ വാക്കുകേട്ട് രാജീവേട്ടൻ അവളെ പലതവണ തല്ലിയിട്ടുണ്ട്. അതായിരിക്കാം അവളുടെ ഭയത്തിന്റെ കാരണം എന്ന് തോന്നിയിട്ടുണ്ട്.
അച്ഛനെ കാണുമ്പോഴുള്ള അവളുടെ ഭയം അകറ്റാൻ ഞാൻ അവളെ ചേർത്തുപിടിക്കും.
"മോൾ പേടിക്കണ്ട. അച്ഛൻ ഒന്നും ചെയ്യില്ലാട്ടോ."
അങ്ങനെ പറയുമ്പോൾ അവൾ എന്നെ ഇറുകെ കെട്ടിപ്പിടിച്ച് "മ്മ" എന്ന് ഉച്ചരിക്കും. അതു കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നും.
ഒമ്പതു വയസ്സായിട്ടും അവൾ ആകെ പറയുന്ന ചുരുക്കം വാക്കുകളിൽ ഒന്നാണത്. ഇപ്പോൾ പരിശീലനത്തിലൂടെ പഴയതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടല്ലോ എന്നോർത്തു.
അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു:
"കുറുമ്പ് കാണിക്കരുത് ട്ടോ."
അത് കേട്ട് അവൾ തല കുലുക്കി. ഞാൻ സ്നേഹത്തോടെ പറയുന്ന വാക്കുകൾ ചിന്നുവിന് മനസ്സിലാകും.
അകത്ത് അലമാരയിൽ നിന്നും അവൾക്കിഷ്ടപ്പെട്ട ഒരു ഉടുപ്പ് എടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു:
"നമുക്ക് ഇത് ഇടാം."
വസ്ത്രം ധരിക്കാൻ അവളെ പഠിപ്പിച്ചു തുടങ്ങിയിട്ടേയുള്ളൂ. സ്കൂളിലെ പരിശീലനം അതിനവളെ സഹായിക്കുന്നുണ്ട്.
ഒരു കാർഡിൽ വസ്ത്രധാരണത്തിന്റെ ചില സ്റ്റെപ്പുകൾ രേഖപ്പെടുത്തി വച്ചിരുന്നത് അവളെ കാണിച്ചു. അപ്പോൾ എന്തോ ഓർമ്മ വന്നതുപോലെ അവൾ ആ സ്റ്റെപ്പുകൾ പിന്തുടരാൻ തുടങ്ങി. അവൾക്ക് ചെയ്യാൻ കഴിയാത്ത ഭാഗങ്ങളിൽ അവളെ സഹായിച്ചുകൊണ്ട് ഞാൻ ആ വസ്ത്രധാരണം പൂർത്തിയാക്കി.
"ഹായ്, ഇപ്പോൾ എന്തു ഭംഗിയാ ചിന്നുവിനെ കാണാൻ."
അവളെ ചേർത്തുനിർത്തി പറഞ്ഞപ്പോൾ അവൾ മനസ്സിലായതുപോലെ പുഞ്ചിരിച്ചു. ഒരു പൂമ്പാറ്റ ചിറകുവിടർത്തുന്നതുപോലെ എനിക്കപ്പോൾ തോന്നി.
പുതിയ ഉടുപ്പ് സ്വയം ധരിച്ചപ്പോൾ അവൾ കൈകൊട്ടിച്ചിരിച്ചു.
എന്റെ വാക്ക് പിന്തുടരുന്നതുപോലെ
"നല്ലുപ്പ്... നല്ലുപ്പ്..."
അങ്ങനെ ആവർത്തിച്ച് പറഞ്ഞ് പുതിയ ഉടുപ്പിൽ തൊട്ടുനോക്കി അവൾ ഏറെ നേരം നിന്നു.
"ഇനി പുറത്തൊന്നും പോയി കളിക്കണ്ട ട്ടോ. ഇവിടെ ഇരുന്നാൽ മതി ."
അടുത്തുകിടന്ന കസേരയിൽ അവളെ പിടിച്ചിരുത്തി.
പെട്ടെന്ന് അവൾ ശാഠ്യം പിടിക്കാൻ തുടങ്ങി. കൈകൾ ഒരു പ്രത്യേക രീതിയിൽ പിടിച്ച്, വാക്കുകൾ മുഴുമിക്കാതെ അവൾ കടലാസ്സിലേക്ക് വിരൽ ചൂണ്ടി.
പടം വരക്കാൻ കടലാസാണ് അവൾ ആവശ്യപ്പെടുന്നത് എന്നറിഞ്ഞ്, വരച്ചുകൊണ്ടിരുന്ന കടലാസും പെൻസിലും എടുത്തുകൊടുത്തു.
അവൾ വരക്കുന്നത് നോക്കി നിന്നപ്പോൾ, "അല്പം കൂടി ബുദ്ധി എന്റെ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ " എന്ന് മനസ്സ് തേങ്ങി.
അപ്പോഴേക്കും മനസ്സ് ഒരു സമുദ്രമായി ഇളകി മറിഞ്ഞു തുടങ്ങിയിരുന്നു. ഹൃദയതീരത്തെ മണൽപ്പരപ്പിൽ തെന്നിനീങ്ങുന്ന ഓർമ്മകളുടെ ഒരു ഞണ്ട് പതുക്കെ പുറകോട്ട് സഞ്ചരിച്ചു തുടങ്ങി.
(തുടരും)