ഛത്തീസ്ഗഡില്‍ 29 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ 29 മാവോയിസ്റ്റുകള്‍  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള വന്‍ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന നേതാവ് അടക്കം കൊല്ലപ്പെട്ടവരിലുണ്ട്.

ശങ്കര്‍ റാവു എന്ന നേതാവാണ് കൊല്ലപ്പെട്ടത്. റാവുവിന്റെ തലയ്ക്ക് 25 ലക്ഷം സര്‍ക്കാര്‍ വിലയിട്ടിരുന്നു. കാങ്കര്‍ ജില്ലയില്‍ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേന ഇവിടെ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. എകെ 47, ഇന്‍സാസ് റൈഫിളുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തവയിലുണ്ട്. അതേസമയം മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്. ബിനാഗുണ്ട ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ വെച്ചായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡും, ബിഎസ്‌എഫും നടത്തിയ തിരച്ചിലിനിടെ മാവോവാദികള്‍ ഇവര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു.

അതേസമയം പരുക്കേറ്റവരില്‍ രണ്ട് പേര്‍ ബിഎസ്ഫ് സൈനികരാണ്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഡിആര്‍ജിയില്‍ നിന്നുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയിലാണ്. സമീപത്ത് തന്നെയുള്ള ആശുത്രിയില്‍ വെച്ച്‌ ഇവര്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും, പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ ബിഎസ്ഫും ഡിആര്‍ജിയും സംയുക്തമായി നടത്തുന്നുണ്ടായിരുന്നു. ഈ സമയത്താണ് ആക്രമണമുണ്ടായത്. ഡിആര്‍ജി മാവോവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ 2008ല്‍ രൂപീകരിച്ചതാണ്.