രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തും: പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും; വയനാട് നൽകിയ സ്നേഹം ജീവിതകാലം മുഴുവന്‍ മനസിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി

രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തും: പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും; വയനാട് നൽകിയ സ്നേഹം ജീവിതകാലം മുഴുവന്‍  മനസിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി

ല്‍ഹി: വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തും.

വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

 പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമായാണ്.

 രാഹുല്‍ ഗാന്ധിയും കുടുംബവുമായി തലമുറകളായി അടുപ്പമുള്ളതിനാല്‍ റായ്ബറേലി മണ്ഡലം നിലനിർത്തണമെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു . ഇത് പാർട്ടിക്കും ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ്സ് വിശ്വാസം.

വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ പിന്തുണ മറക്കാനാവില്ല, പ്രിയങ്ക മത്സരിച്ചാലും ഇടയ്ക്കിടെ വയനാട്ടില്‍ എത്തുമെന്നും വയനാട് മണ്ഡലം ഒഴിയാന്‍ തീരുമാനിച്ച ശേഷം രാഹുല്‍ പറഞ്ഞു.

വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാര്‍ട്ടിക്കാരും സ്‌നേഹം മാത്രമാണ് നല്‍കിയത്. അതിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവന്‍ അത് മനസിലുണ്ടാകും.

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കും. ഞാനും ഇടവേളകളില്‍ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നതില്‍ സന്തോഷമുണ്ട്.

വയനാട് ഒഴിയുകയെന്നത് എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന തീരുമാനമായിരുന്നില്ല. .

വയനാട്ടിലെ ജനങ്ങള്‍ പാര്‍ട്ടി നോക്കാതെ എനിക്ക് പിന്തുണ നല്‍കി. പ്രയാസമുള്ള ഘട്ടങ്ങളില്‍ അവര്‍ നല്‍കിയ പിന്തുണ മറക്കാനാകില്ല. പ്രിയങ്ക മത്സരിച്ചാലും ഞാന്‍ വയനാട്ടിലെത്തും. ജനങ്ങള്‍ക്ക് മുന്നില്‍ ഞാനുണ്ടാകും. അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. പ്രിയങ്ക വയനാട്ടില്‍ ജയിക്കും. ഒരു നല്ല എംപിയായിരിക്കും.

വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും. രാഹുല്‍ പറഞ്ഞു

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.