'ഒറ്റക്കൊമ്ബൻ' തുടങ്ങി; സുരേഷ് ഗോപി, ഡിസംബര് 30 ന് ചിത്രത്തില് ജോയിൻ ചെയ്യും
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന 'ഒറ്റക്കൊമ്ബന്റെ' ചിത്രീകരണം ആരംഭിച്ചു. മധ്യ തിരുവതാംകൂറിലെ പാലായും പരിസരവും തൻ്റെ കൈപ്പിടിയില് ഒതുക്കിയിരുന്ന കടുവാക്കുന്നേല് കുറുവച്ചന്റെ കഥ പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്ബനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഡിസംബർ 30 ന് ചിത്രത്തില് ജോയിൻ ചെയ്യും. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്ബൻ. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറില് ശ്രീഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രല് ജയില് വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില് വച്ച് ലളിതമായ ചടങ്ങോടെയായിരുന്നു സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായത്. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന് പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഭദ്രദീപം തെളിയിച്ച് തുടക്കമിട്ടു.