റഹീമിൻറെ മോചനം ഉടൻ: ദയാധനം സ്വീകരിച്ച്‌ മാപ്പു നല്‍കാമെന്ന് സൗദി കുടുംബം കോടതിയില്‍ അറിയിച്ചു

റഹീമിൻറെ മോചനം ഉടൻ: ദയാധനം സ്വീകരിച്ച്‌ മാപ്പു നല്‍കാമെന്ന് സൗദി കുടുംബം  കോടതിയില്‍ അറിയിച്ചു

റിയാദ്: വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻറെ മോചനത്തിനു വഴിയൊരുങ്ങുന്നു.

മോചനദ്രവ്യം സ്വീകരിച്ചു റഹീമിനു മാപ്പു നല്‍കാൻ തയാറാണെന്നു മരിച്ച സൗദി ബാലൻറെ കുടുംബം റിയാദ് കോടതിയില്‍ അറിയിച്ചു. ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിൻറെ അഭിഭാഷകൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. റഹീമിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ടു കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തുടർന്നാണു ദയാധനം സ്വീകരിച്ച്‌ മാപ്പു നല്‍കാൻ തയാറാണെന്നു സൗദി കുടുംബം അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്.

തുക കൈമാറുന്നതു സംബന്ധിച്ച്‌ സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കില്‍ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. അതു പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും റിയാദ് കോടതി അറിയിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുക.

തുടർനടപടികള്‍ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിയും സൗദിയിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതി ഭാരവാഹികളും സൗദി കുടുംബത്തിൻറെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികള്‍ വേഗത്തിലാക്കാൻ നിയമസഹായ സമിതി ഊർജിത ഇടപെടല്‍ നടത്തുന്നുണ്ട്.