85 വയസിനു മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം

85 വയസിനു മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 2.5 ലക്ഷം പേര്‍ക്ക് വീട്ടിലിരുന്ന വോട്ട് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ട്.85 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തിയതാണ് ഇത്രയധികം പേര്‍ക്ക് ഗുണകരമായത്. ഭിന്നശേഷിക്കാര്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തില്‍ ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നായി 5. 12 ലക്ഷം പേര്‍ ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 മാര്‍ച്ച്‌ 17വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 85 വയസിന് മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം 2.50 ലക്ഷമാണ്. ഭിന്നശേഷി വിഭാഗത്തില്‍ 2.62 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കും കോവിഡ് രോഗം ബാധിച്ചവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ സംവിധാനം കേരളത്തില്‍ അവതരിപ്പിച്ചത്. ''മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള തപാല്‍ വോട്ട് സംവിധാനം 2021ലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു,'' എന്നാണ് കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായ സഞ്ജയ് കൗള്‍ പറഞ്ഞത്. ആ സമയത്ത് 80 വയസിന് മുകളിലുള്ള 6.22 ലക്ഷം പേരാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ വയസില്‍ ഭേദഗതി വരുത്തിയതോടെ തപാല്‍ വോട്ട് ചെയ്യാന്‍ അര്‍ഹരായ 85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം 3.72 ലക്ഷമാകുകയായിരുന്നു.

11 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള 98 ശതമാനം പേരും വോട്ട് ചെയ്യാനായി നേരിട്ട് പോളിംഗ് ബൂത്തിലെത്തുകയായിരുന്നു. അതിനാലാണ് വയസിന്റെ പരിധി കൂട്ടാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.