നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 6 ലക്ഷത്തിന് ഡാര്‍ക്ക് വെബ്ബില്‍; അന്വേഷണം ശക്തമാക്കി സിബിഐ

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 6 ലക്ഷത്തിന് ഡാര്‍ക്ക് വെബ്ബില്‍; അന്വേഷണം ശക്തമാക്കി സിബിഐ

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജൂണ്‍ 18ന് നടന്ന യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്ബ് തന്നെ ചോർന്നതായി സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ലഭ്യമായ റിപ്പോർട്ട് അനുസരിച്ച്‌, യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ഡാർക്ക് വെബിലും എൻക്രിപ്റ്റ് ചെയ്‌ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഏതാണ്ട് 6 ലക്ഷം രൂപയ്ക്കാണ് വിറ്റത്.

നേരത്തെ പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിന് ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. യുജിസി-നെറ്റ് പരീക്ഷയുടെ നടത്തപ്പിന് ഭംഗം വരുത്തിയതിന് സിബിഐ കേസെടുത്തിരുന്നു. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷൻ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വഞ്ചന) എന്നിവ പ്രകാരമാണ് കേസെടുത്തതെന്ന് സിബിഐ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം നിലവില്‍ വ്യക്തമല്ല. കൂടുതല്‍ അന്വേഷണത്തിനായി മത്സര പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്‌റ്റിങ് ഏജൻസിയുമായി (എൻടിഎ) സിബിഐ സഹകരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ നിരവധി കോച്ചിംഗ് സെന്ററുകള്‍ നിരീക്ഷണത്തിലാണ്.

അന്വേഷണത്തിന്റെ ഭാഗമായി ഈ പരിശീലന കേന്ദ്രങ്ങളില്‍ ചിലത് സിബിഐ ഉദ്യോഗസ്ഥർ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു