തെരുവുനായ ആക്രമണം: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

തെരുവുനായ ആക്രമണം: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ണ്ഡീഗഢ്: തെരുവില്‍ അലയുന്ന മൃഗങ്ങള്‍ ആക്രമിച്ചാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി.

നായയുടെ കടിയേറ്റ ഒരു പാടിന് കുറഞ്ഞത് 10,000 രൂപയും, 0.2 സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവിന് കുറഞ്ഞത് 20,000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള 193 ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

തെരുവുമൃഗങ്ങളുടെ ആക്രമണമോ അവ മൂലം എന്തെങ്കിലും അപകടമോ ഉണ്ടായാല്‍ ഇരയായവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച്‌ തീരുമാനമെടുക്കാൻ ഒരു കമ്മിറ്റി രൂപവത്കരിക്കാനും പഞ്ചാബിനോടും ഹരിയാണയോടും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിനോടും ഹൈക്കോടതി നിര്‍ദേശിച്ചു. പശു, കാള, പോത്ത്, കഴുത, നായ, കാട്ടുമൃഗങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 'ഓരോ ജില്ലയുടെയും ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കണം സമിതി അധ്യക്ഷൻ. പോലീസ് സൂപ്രണ്ട്, പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജില്ലാ ഗതാഗത ഓഫീസര്‍, മുഖ്യ ആരോഗ്യ ഓഫീസര്‍ എന്നിവരായിരിക്കണം മറ്റു അംഗങ്ങള്‍', കോടതി വ്യക്തമാക്കി.

ഒക്ടോബറില്‍ വാഖ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പരാഗ് ദേശായിയുടെ മരണത്തിനു ശേഷം തെരുവുനായക്കളുടെ ആക്രമണം വീണ്ടും വലിയ ചര്‍ച്ചയായിരുന്നു. തെരുവുനായകള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് നിലത്തുവീണ അദ്ദേഹം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം പിന്നീട് മരിച്ചെന്നാണ് ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.