പത്തുലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച്‌ കെനിയ

പത്തുലക്ഷത്തോളം ഇന്ത്യൻ കാക്കകളെ  കൊന്നൊടുക്കാൻ തീരുമാനിച്ച്‌ കെനിയ

 വർഷം അവസാനത്തോടെ രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള തീരുമാനവുമായി കെനിയന്‍ സര്‍ക്കാര്‍ .

ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്ന് ചൂണ്ടിക്കാണിച്ച്‌ അവ തങ്ങളുടെ രാജ്യത്തെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് കെനിയ നല്‍കുന്ന വിശദീകരണം.

ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെഡബ്യുഎസ്) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കെനിയൻ തീരമേഖലയിലെ ഹോട്ടലുടമകളുടെയും കർഷകരുടെയും പ്രതിഷേധത്തെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെഡബ്ല്യുഎസ് ഡയറക്ടർ ജനറലിനെ പ്രതിനിധീകരിച്ച്‌ വൈല്‍ഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ചാള്‍സ് മുസ്യോക്കി പറഞ്ഞു. ഇന്ത്യൻ കാക്കകള്‍ കെനിയൻ തീരത്തെ തദ്ദേശീയ പക്ഷികളുടെ കൂടുകള്‍ നശിപ്പിക്കുകയും അവയുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നതായി റോച്ച കെനിയയിലെ പക്ഷി വിദഗ്ധനും സംരക്ഷകനുമായ കോളിൻ ജാക്‌സണ്‍ അഭിപ്രായപ്പെടുന്നു.

ഈ ഒരു സാഹചര്യം നിലനില്‍ക്കെ പ്രാദേശിക പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നത് കാരണം പ്രദേശത്തെ കീടങ്ങളും പ്രാണികളും പെരുകുന്നതിന് ഇത് കാരണമാകും. ഇത് രാജ്യത്തിന്റെ ആവാസവ്യവസ്ഥയെ മുഴുവന്‍ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.