പാസ്‌പോര്‍ട്ട് ഇൻഡക്‌സില്‍ ഇന്ത്യക്ക് 85ാം സ്ഥാനം; ഫ്രാൻസ് ഒന്നാമത്

പാസ്‌പോര്‍ട്ട് ഇൻഡക്‌സില്‍ ഇന്ത്യക്ക്   85ാം സ്ഥാനം; ഫ്രാൻസ് ഒന്നാമത്

2024ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്‌പോർട്ടുകളുടെ പട്ടികയില്‍ ഫ്രാൻസാണ് ഒന്നാമത്.

എന്നാല്‍ കഴിഞ്ഞ വർഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ വർഷം 60 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുമായിരുന്നത്. എന്നാല്‍ ഈ വർഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തില്‍ സഞ്ചരിക്കാനാകും. എന്നിട്ടും റാങ്കിംഗില്‍ പിന്നോട്ട് പോയത് അത്ഭുതപ്പെടുത്തുന്നതായാണ് വാർത്തകള്‍.

വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ട് ശക്തി അനുസരിച്ചണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള ഫ്രാൻസിന്റെ പൗരന്മാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്‌പെയിൻ എന്നിവയാണ് ഫ്രാൻസിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം, കഴിഞ്ഞ വർഷത്തെ പോലെ പട്ടികയില്‍ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്. അതിനിടെ, ബംഗ്ലാദേശിന്റെ റാങ്ക് 101ല്‍ നിന്ന് 102ലേക്ക് താഴ്ന്നു.

ഇന്ത്യയുടെ അയല്‍ക്കാരായ മാലദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്. 96 രാജ്യങ്ങളിലേക്കാണ് മാലദ്വീപ് പൗരന്മാർക്ക് വിസ രഹിത പ്രവേശനം ലഭിക്കുക.

ഇറാൻ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷവും റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുകയായിരുന്നു .