ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭുവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

ആല-പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. ചെങ്ങന്നൂരില്‍നിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസില്‍ പരിശോധന നടത്തി.

സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ വാഹനത്തില്‍ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.