പ്രിയദര്‍ശിനി സൗജന്യ യാത്ര: ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല, വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

Aug 5, 2026 - 12:50
 0  5
പ്രിയദര്‍ശിനി സൗജന്യ യാത്ര: ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല,  വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. "ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പ്രിയദര്‍ശിനി സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല. അവകാശമാണ്. പറഞ്ഞ വാക്കുകൾ ഞാൻ ശ്രദ്ധിക്കണമായിരുന്നു," സി പി ജോൺ പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. പ്രിയദര്‍ശിനി ഐക്യജനാധിപത്യമുന്നണിയുടെ അഭിമാന പദ്ധതിയാണെന്നും അത് തുടരുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ടെന്നും വ്യക്തമാക്കി. പ്രിയദര്‍ശിനി പദ്ധതിയില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഒരു വിവേചനവുമില്ലെന്ന് സി പി ജോൺ കൂട്ടിച്ചേർത്തു.

പൈസ വേണ്ടാത്ത ബസിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും ഇതേ സ്ത്രീ തന്നെ മക്കളെ സ്വകാര്യ സ്കൂളുകളിൽ ഫീസ് കൊടുത്ത് പഠിപ്പിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. 

"ബസിന് പൈസ കൊടുക്കാൻ കാശില്ലാത്ത സ്ത്രീ സ്വകാര്യ സ്കൂളിലേയ്ക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഫീസ് കൊടുക്കേണ്ടാത്ത സ്വകാര്യ സ്കൂളുകളിൽ പോലും വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളുകളിലേയ്ക്ക് വിടുന്നു. ആശുപത്രികളുടെ കാര്യത്തിൽ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും," എന്നായിരുന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രി നടത്തിയ പരമാർശം.