മുംബൈ എക്സ്പ്രസ്സ്: എപ്പിസോഡ് – 10

Aug 15, 2026 - 19:40
 0  7
മുംബൈ എക്സ്പ്രസ്സ്:   എപ്പിസോഡ് – 10
  പ്രശാന്ത് പഴയിടം
ലാറം മുഴങ്ങുന്ന ശബ്ദത്തിൽ അശ്വിൻ കണ്ണുതുറന്നു. ജനൽപ്പാളികളിൽ തട്ടിച്ചിതറുന്ന മഴത്തുള്ളികൾ. പുറത്ത് മൂടൽ മഴ കാഴ്ചകളെ മറയ്ക്കുന്നത്ര ശക്തമായിരുന്നു. കാറ്റിൽ തകരപ്പാട്ടകൾ ഇളകുന്ന ശക്തമായ ശബ്ദം കേൾക്കാം. ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ഒരു ശമനവുമില്ല.
അശ്വിൻ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് പങ്കെടുക്കുന്ന ഇന്റർവ്യൂ ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ ബിൽഡർ കമ്പനിയിൽ ആയിരുന്നു. പക്ഷേ മോശം കാലാവസ്ഥയും നാട്ടിലേക്ക് പോയ ആനിയെ ഫോൺ വിളിച്ചിട്ടും കിട്ടാത്തതും അശ്വിനെ വല്ലാതെ ടെൻഷനിലാക്കി.
താഴെ താമസിക്കുന്ന സുഹൃത്തുക്കളെ വെള്ളക്കെട്ട് സാരമായി ബാധിച്ചതിനാൽ സവാദും തുഷാറും സഹായത്തിനായി പോയിരിക്കുകയായിരുന്നു.
വെള്ളക്കെട്ടിനെ തുടർന്ന് ലോക്കൽ സ്റ്റേഷൻ അടച്ചതിനാൽ തുഷാർ തയ്യാറാക്കിയ ടാക്സിയിൽ മുംബൈ CST വരെ പോകണം. അശ്വിൻ പെട്ടെന്ന് തന്നെ ഒരുങ്ങി പുറത്തിറങ്ങി. ടാക്സി സമയത്ത് തന്നെ എത്തി. കണങ്കാലിന്റെ ഉയരത്തിൽ വെള്ളമായതിനാൽ ഷൂസ് ഊരി കയ്യിൽ പിടിച്ചുകൊണ്ടാണ് അശ്വിൻ ടാക്സിയിലേക്ക് കയറിയത്. വണ്ടി മുന്നോട്ട് നീങ്ങി.
ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്ന തെരുവുകൾ ശൂന്യമായിരുന്നു. തെരുവുകളിൽ സജീവമായിരുന്ന വഴിയോര ചെറുകച്ചവട ഉന്തുവണ്ടികൾ മൂടിക്കെട്ടി വച്ചിരിക്കുന്നു. അവരുടെ വരുമാനവും നിലച്ചു. വരും ദിവസങ്ങളിലും മഴ മാറിയില്ലെങ്കിൽ കൂടുതൽ ദുരിതത്തിലേക്ക് പോകുമെന്നുറപ്പാണ്.
റോഡിൽ പലയിടത്തും ഡ്രെയിനേജ് മാൻഹോളുകൾ തുറന്നുകിടക്കുന്നതിനാൽ ഡ്രൈവർ സുരക്ഷിതമായ വഴിയിലൂടെയാണ് വാഹനം ഓടിച്ചത്. കാർ അന്ധേരി റെയിൽവേ സ്റ്റേഷനു സമീപമുള്ള പാലത്തിൽ കയറിയപ്പോൾ ഏറെ വിഷമിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ട്രെയിൻ ട്രാക്കുകളിൽ വെള്ളം കയറി നിരവധി ട്രെയിനുകൾ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയാണ്.
ടാക്സി മുംബൈ CST റെയിൽവേ സ്റ്റേഷനിൽ എത്തി. മഴ ഇനിയും തോർന്നിട്ടില്ല. നിർവചിക്കാനാവാത്ത തിരക്കാണ് സ്റ്റേഷനിൽ. പല ഭാഗങ്ങളിലേക്കും പോകേണ്ട ദീർഘദൂര ട്രെയിനുകളും റദ്ദാക്കിയതിനാൽ നിരവധി യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ്. പലരും നിലത്ത് തുണി വിരിച്ച് വിശ്രമിക്കുന്നു.
അശ്വിന് പോകേണ്ട ട്രെയിൻ വൈകുമെന്നാണ് ബോർഡിൽ കാണിച്ചിരുന്നത്. അശ്വിൻ നേരത്തെ എത്തിയതിനാൽ ഇന്റർവ്യൂവിന് സമയത്ത് എത്താൻ കഴിയുമെന്ന ചെറിയ ആശ്വാസമുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലൂടെ ഏറെ ദൂരം നടന്നെങ്കിലും ഇരിക്കാനായി ഒരു ഇരിപ്പിടം പോലും ലഭിച്ചില്ല. പുറത്താകട്ടെ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
അപ്പോഴാണ് മറ്റൊരു അറിയിപ്പ് കേട്ടത്.
“Due to bad weather, Goa Express to Delhi via Mumbai has been cancelled.”
(മോശം കാലാവസ്ഥയെ തുടർന്ന് മുംബൈ വഴി ഡൽഹിയിലേക്ക് പോകുന്ന ഗോവ എക്സ്പ്രസ് റദ്ദാക്കിയിരിക്കുന്നു.)
അശ്വിന് ആകെ ആശങ്കയേറി. സമയം ഏറെ വൈകിയിരുന്നു. ഇനി മറ്റൊരു ട്രെയിൻ വരുമ്പോഴേക്കും ഇന്റർവ്യൂവിന് വൈകും. അശ്വിൻ തിരക്കിട്ട് എൻക്വയറി ഓഫീസിലേക്ക് നടന്നു.
അപ്പോഴാണ് ഫോണിൽ ഒരു കോൾ വന്നത്.
“അശ്വിൻ… ആനിയുടെ അമ്മയാണ്. മോനേ, ആനി വിളിച്ചിരുന്നോ?”
അശ്വിൻ മറുപടി പറഞ്ഞു.
“ഹലോ അമ്മ… ഇല്ല, ഇതുവരെ വിളിച്ചില്ല. ഞാൻ വിളിച്ചിട്ടും എടുക്കുന്നില്ല. അവൾ നാട്ടിലെത്തി തിരക്കിലായിരിക്കുമോ?”
പെട്ടെന്ന് മറുപടിയൊന്നും ഉണ്ടായില്ല.
അശ്വിൻ വീണ്ടും ചോദിച്ചു.
“ഹലോ… അമ്മ… ഹലോ…”
അമ്മ ശബ്ദമിടറി പറഞ്ഞു.
“മോനേ… അവൾ ഇതുവരെ എത്തിയിട്ടില്ല… വിളിച്ചിട്ടും കിട്ടുന്നുമില്ല…”
അശ്വിൻ ആകെ പരിഭ്രാന്തിയിലായി. പക്ഷേ അമ്മയുടെ മുന്നിൽ അത് പ്രകടിപ്പിച്ചാൽ അമ്മ കൂടുതൽ ആശങ്കപ്പെടും. ഏത് വിധേനയും അമ്മയ്ക്ക് ധൈര്യം നൽകണം.
അശ്വിൻ അമ്മയോട് പറഞ്ഞു.
“അമ്മ, കുറച്ചു ദിവസമായി ഇവിടെ ഭയങ്കര മഴയാണ്. പല ട്രെയിനുകളും വൈകിയാണ് പോകുന്നത്. ഞാൻ ആനിയെ കൊണ്ടുവിടാൻ റെയിൽവേ സ്റ്റേഷനിൽ പോയിരുന്നു. ആനിയുടെ ട്രെയിനും മണിക്കൂറുകളോളം വൈകിയാണ് പുറപ്പെട്ടത്. അതുകൊണ്ടായിരിക്കും വൈകുന്നത്. നെറ്റ്‌വർക്ക് കിട്ടുന്ന സ്ഥലത്ത് എത്തുമ്പോൾ അവൾ തീർച്ചയായും അമ്മയെ വിളിക്കും. അമ്മ വിഷമിക്കണ്ട.”
അമ്മയ്ക്ക് ആശ്വാസം പകർന്നെങ്കിലും അശ്വിന്റെ നെഞ്ചിടിപ്പ് കൂടി. ആനി പോയ ട്രെയിനിന്റെ വിവരങ്ങൾ അറിയാൻ അശ്വിൻ എൻക്വയറിയിലേക്ക് ഓടി.
അപ്പോൾ ഒരു വൃദ്ധൻ അശ്വിനെ പിന്തുടർന്നു.
“ബേട്ടാ, രൂക്കോ… ഏക്ക് മിനിറ്റ്… ജവാബ് ദേദോ…”
(മോനേ, ഒന്ന് നിൽക്കൂ… ഒരു മിനിറ്റ്… എനിക്ക് ഒന്ന് മറുപടി പറഞ്ഞുതരൂ.)
അശ്വിൻ തെല്ലൊന്ന് നിന്നു. തിരക്കിലാണെന്ന് പറഞ്ഞ് വീണ്ടും മുന്നോട്ട് നടന്നു. പക്ഷേ വൃദ്ധനും പിന്നാലെ വന്നു. കടുത്ത സമ്മർദ്ദത്തിലായിരുന്ന അശ്വിൻ ഒന്നും മറുപടി പറഞ്ഞില്ല.
ഒടുവിൽ വൃദ്ധനെ ഒഴിവാക്കാനെന്ന പോലെ അശ്വിൻ നിന്നു.
“ബേട്ടാ, യേ ടിക്കറ്റ് ദേഖോ… ട്രെയിൻ കബ് ആയേഗാ? തോടാ ബോർഡ് ദേഖ് കെ ബതാവോ, ബച്ചാ.”
(മോനേ, ഈ ടിക്കറ്റ് ഒന്ന് നോക്കൂ… ഈ ട്രെയിൻ എപ്പോഴാണ് വരിക? ബോർഡിൽ നോക്കി ഒന്ന് പറഞ്ഞുതരാമോ?)
അശ്വിൻ ടിക്കറ്റ് നോക്കി. അശ്വിന് പോകേണ്ടിയിരുന്ന അതേ ട്രെയിൻ തന്നെയായിരുന്നു അത്.
അശ്വിൻ പറഞ്ഞു.
“ജി… യേ ട്രെയിൻ ക്യാൻസൽ ഹോ ഗയീ. മേം ഭീ ഉസി ട്രെയിൻ സെ ജാനേ വാലാ താ.”
(ഈ ട്രെയിൻ റദ്ദാക്കി. ഞാനും ഇതേ ട്രെയിനിലാണ് പോകേണ്ടിയിരുന്നത്.)
അശ്വിൻ മറുപടി നൽകി മുന്നോട്ട് നടന്നു. വൃദ്ധൻ അശ്വിനെ പിന്തുടർന്നുകൊണ്ടിരുന്നു. ട്രാക്കിൽ കെട്ടിക്കിടന്ന മഴവെള്ളം പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുകൊണ്ടിരുന്നു.
എൻക്വയറിയിൽ നിന്ന് അശ്വിന് ആനി സഞ്ചരിച്ച ട്രെയിൻ മണ്ണിടിച്ചിലിനെ തുടർന്ന് കൊങ്കൺ പാതയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയാൻ കഴിഞ്ഞു.
അവിടേക്ക് പോകാൻ ട്രെയിൻ അന്വേഷിച്ച അശ്വിനോട് ആ ഭാഗത്തേക്ക് ഇപ്പോൾ എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും പരിഭ്രമിക്കേണ്ടതില്ലെന്നും ഗതാഗതം ഉടൻ പുനഃസ്ഥാപിക്കുമെന്നും അവർ പറഞ്ഞു.
അശ്വിനെ പിന്തുടർന്ന വൃദ്ധൻ തന്റെ ട്രെയിനിന്റെ വിവരവും അന്വേഷിച്ചുതരാൻ ആവശ്യപ്പെട്ടു.
അശ്വിൻ തിരക്കിലാണെന്ന് അറിയിച്ചു.
വൃദ്ധൻ പറഞ്ഞു.
“ബേട്ടാ, ഏക്ബാർ പൂഛോ… ഉൻലോഗ് ഓഫീസ് കേ അന്ദർ സെ ബാത് കർ രഹേ ഹൈൻ… മുഝേ സുനായി നഹി ദേതാ.”
(മോനേ, ഒരിക്കൽ ചോദിച്ചുതരൂ… അവർ ഓഫീസിനുള്ളിൽ നിന്നാണ് സംസാരിക്കുന്നത്. എനിക്ക് കേൾക്കാൻ കഴിയുന്നില്ല.)
അശ്വിൻ മനസ്സില്ലാമനസ്സോടെ ടിക്കറ്റ് വാങ്ങി ചോദിച്ചു.
അപ്പോഴാണ് അറിയുന്നത്, ആ റൂട്ടിലേക്ക് ഒരു മണിക്കൂറിനുള്ളിൽ മറ്റൊരു ട്രെയിൻ പുറപ്പെടാനുണ്ടെന്ന്.
വൃദ്ധന് വിവരം പറഞ്ഞുകൊടുത്ത ശേഷം അശ്വിൻ വീണ്ടും നടന്നു. വൃദ്ധൻ അപ്പോഴും അശ്വിനെ പിന്തുടർന്നു.
ആനിയുടെ വിവരം ഒന്നും ലഭിക്കാതെ അശ്വിൻ ആകെ ടെൻഷനിലായി. നിരവധിശബ്ദ സന്ദേശങ്ങൾ ആനിക്ക് അയച്ചുകൊണ്ടേയിരുന്നു. ഏത് വിധേനയും ആനിയുടെ അരികിലെത്തണം.
വന്ന ടാക്സി ഡ്രൈവറെ വിളിച്ചെങ്കിലും കിട്ടിയില്ല. തുഷാറിനെയും സവാദിനെയും മാറിമാറി വിളിച്ചു. പക്ഷേ ആരും ഫോൺ എടുത്തില്ല.
സമയം വീണ്ടും നീങ്ങി. അശ്വിന്റെ ടെൻഷൻ വർധിച്ചു.
വീണ്ടും ഫോൺ ബെല്ലടിച്ചു.
ആനിയുടെ അമ്മ.
എന്ത് മറുപടി പറയുമെന്ന വിഷമത്തിൽ അശ്വിൻ ആദ്യം ഫോൺ എടുത്തില്ല. എന്നാൽ അമ്മയെ വിഷമിപ്പിക്കാനും കഴിഞ്ഞില്ല. അശ്വിൻ തിരികെ വിളിച്ചു.
“ഞാൻ റെയിൽവേ എൻക്വയറിയിലായിരുന്നു അമ്മ… അതുകൊണ്ടാണ് അമ്മയുടെ കോൾ എടുക്കാതിരുന്നത്.”
“അവർ എന്താണ് പറഞ്ഞത്?”
“അമ്മ, ട്രെയിൻ വൈകും. ചില സ്ഥലങ്ങളിൽ ട്രാക്കിൽ പണികൾ നടക്കുന്നതിനാലാണ് വൈകുന്നത്.”
ഇതെല്ലാം കണ്ടുനിന്ന വൃദ്ധൻ വീണ്ടും ചോദിച്ചു.
“ബേട്ടാ… ആപ്കോ കുഛ് ദിക്കത്ത് ഹൈ ക്യാ? മുഝേ ബതാവോ… മേം മദദ് കർതാ ഹൂം.”
(മോനേ, നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്നോട് പറയൂ… ഞാൻ സഹായിക്കാം.)
പക്ഷേ അശ്വിൻ മറുപടിയൊന്നും നൽകിയില്ല.
അൽപനേരം കഴിഞ്ഞ് തുഷാറിനെ വീണ്ടും വിളിച്ചു.
ഏറെ നേരത്തിന് ശേഷം തുഷാർ തിരികെ വിളിച്ചു.
“അശ്വിനെ… നീ എവിടെയെത്തി? പിന്നെ നീ ഒന്നും പറയണ്ട. എനിക്കറിയാം എന്തിനാണ് വിളിച്ചതെന്ന്. കൊങ്കണിൽ ആനി പോയ ട്രെയിൻ കുടുങ്ങിയ കാര്യം അറിഞ്ഞു. നീ വിഷമിക്കണ്ട. ഞാൻ വേണ്ടത് ചെയ്തുകൊള്ളാം. നിന്റെ ആനി സുരക്ഷിതയായിരിക്കും.”
“ചേട്ടാ… ഞാൻ ടാക്സി വിളിച്ചിട്ട് കിട്ടിയില്ല. എങ്ങനെ അവിടെ എത്തും?”
“ഡാ… കാർവാർ മുതൽ കർണാടകം വരെയുള്ള കാട്ടിൽ നീ എവിടെ പോയി ട്രെയിൻ കണ്ടെത്തും? മോനേ, നീ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്. ഞാൻ നോക്കിക്കൊള്ളാം.”
“ചേട്ടാ… ഇങ്ങനെയൊരു സാഹചര്യത്തിൽ ഞാൻ എങ്ങനെ ഇന്റർവ്യൂവിന് പോകും?”
“മോനേ… തുഷാറേട്ടനല്ലേ പറയുന്നത്. നീ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യ്. ഞാൻ നോക്കിക്കൊള്ളാം.”
“നിന്റെ ആനി സുരക്ഷിതയായി തിരിച്ചു വരും.”
തുടരും…